Saturday, October 19, 2024
Kerala

രണ്ടാം പിണറായി സർക്കാരിൻ്റെ രണ്ടാം വാർഷികാഘോഷം നാളെ; സെക്രട്ടേറിയറ്റ് വളഞ്ഞ് പ്രതിഷേധിക്കാൻ യുഡിഎഫ്

രണ്ടാം പിണറായി സർക്കാരിൻ്റെ രണ്ടാം വാർഷികം നാളെ. വാർഷികം ആഘോഷമാക്കാൻ എൽഡിഎഫ് ഒരുങ്ങുമ്പോൾ വലിയ പ്രതിഷേധങ്ങൾക്കാണ് യുഡിഎഫിന്റെ നീക്കം. ഭരണ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫിന്റെ പ്രചരണം. അഴിമതിയും ക്രമസമാധാന പ്രശ്നങ്ങളിലും ഊന്നിയാണ് യുഡിഎഫിന്റെ പ്രതിരോധം.

എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിൽ സർക്കാർ പ്രോഗ്രസ് കാർഡ് അവതരിപ്പിക്കും. പ്രകടനപത്രിയിൽ മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ എത്രയെണ്ണം നടത്തി ഇനി എത്ര നടപ്പിലാക്കും എന്നുള്ളതാണ് പ്രോഗ്രസ് കാർഡ്. രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറു ദിന കർമ്മപരിപാടി ആവിഷ്കരിച്ചു കഴിഞ്ഞു. 15,896 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കാനാണ് ശ്രമം. ലൈഫ് പദ്ധതി തന്നെയാണ് അഭിമാന പദ്ധതിയായി സർക്കാർ ഇപ്പോഴും കാണുന്നത്. ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുത്ത് നൽകിയതും സർക്കാർ ഉയർത്തിക്കാട്ടുന്നുണ്ട്. വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാൻ പ്രദർശന വിപണന മേളകളും സർക്കാർ സംഘടിപ്പിക്കുന്നുണ്ട്. ഒപ്പം എല്ലാ ജില്ലകളിലും രാഷ്ട്രീയ വിശദീകരണ യോഗവും പുരോഗമിക്കുകയാണ്.

അതേസമയം രണ്ടാം വാർഷിക ദിനത്തിൽ സെക്രട്ടറിയേറ്റ് വളഞ്ഞ് സർക്കാരിനെതിരായ പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഎഫ് നീക്കം. നികുതി വർധനവും, എ.ഐ ക്യാമറാ വിവാദവുമാണ് സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ മുഖ്യ ആയുധം. ഒപ്പം കെ- റെയിൽ വിവാദവും പ്രതിപക്ഷത്തിന്റെ ആയുധമാണ്. ഏറ്റവും ഒടുവിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വന്ദനയെ കുത്തി കൊലപ്പെടുത്തിയത് ഉൾപ്പെടെ നിരവധി വിഷയങ്ങൾ പ്രതിപക്ഷവും ആയുധമാക്കുന്നുണ്ട്.

Leave a Reply

Your email address will not be published.