സര്‍ക്കാരിനെതിരെ സമരം കടുപ്പിക്കാന്‍ യുഡിഎഫ്; സെക്രട്ടേറിയറ്റ് വളയും
സർക്കാരിനെതിരെ സമരം കടുപ്പിക്കാൻ പ്രതിപക്ഷം. സർക്കാരിന്റെ രണ്ടാം വാർഷികമായ മെയ് മാസത്തിൽ സെക്രട്ടേറിയറ്റ് വളയും. ഇന്നലെ ചേർന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം. ഓരോ ഘടക കക്ഷികളും അവരവരുടെ നിലയിലും സമര പരിപാടികൾ സംഘടിപ്പിക്കും. യുഡിഎഫ് യോഗം എല്ലാ മാസവും ചേരാൻ തീരുമാനമായി.
നിയമസഭയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താനായെന്നാണ് ഇന്നലെ ചേര്‍ന്ന യോഗത്തിലെ വിലയിരുത്തല്‍. സംസ്ഥാന സര്‍ക്കാര്‍ പ്രതിപക്ഷ പ്രതിഷേധത്തില്‍ നിന്ന് ഒളിച്ചോടിയതാണ് നിയമസഭ നിശ്ചയിച്ചതിലും നേരത്തെ പിരിയാന്‍ തീരുമാനിച്ചതിന് കാരണമെന്നും നേതാക്കള്‍ വിലയിരുത്തി.
നിയമസഭയ്ക്കുള്ളിലെ പ്രതിപക്ഷ പ്രതിഷേധം ചൂണ്ടിക്കാട്ടി സഭാ സമ്മേളനം വെട്ടിച്ചുരുക്കിയിരുന്നു. ശക്തമായ പ്രതിപക്ഷ എതിര്‍പ്പുകള്‍ക്ക് ഇടയില്‍ സഭ അനിശ്ചിത കാലത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നു. സഭയില്‍ ഇന്നലെയും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് ഒഴിവാക്കിയിരുന്നു.