രണ്ടാം പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും; എം.വി ഗോവിന്ദൻ
രണ്ടാം പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുന്നതോടെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേന്ദ്ര വിഹിതം വൻതോതിൽ വെട്ടിക്കുറച്ചുകൊണ്ട് എൻ.ഡി.എ സർക്കാർ കേരളത്തെ അവഗണിക്കുകയാണ്. കടംവാങ്ങൽ പരിധി കുറച്ചതും സംസ്ഥാനത്തിന് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. 40000 കോടി രൂപയുടെ വിഹിതമാണ് കുറയുന്നത്. വിവിധ ആനുകൂല്യങ്ങളും റവന്യൂ കമ്മിറ്റി ഗ്രാൻഡും കേന്ദ്രം വെട്ടി കുറയ്ക്കുകയാണ്. ഒടുവിൽ ജിഎസ്ടിയിലും കൈവച്ചു. ഇടത് സർക്കാരിനെ പ്രതിരോധത്തിലാക്കാൻ കേന്ദ്രം ബോധപൂർവ്വമായി പ്രവർത്തിക്കുകയാണെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.
ജനകീയ പ്രതിരോധ ജാഥ ലക്ഷമിടുന്നത് പ്രതിരോധമാണ്. സംസ്ഥാനം രാജ്യത്തിന് മാതൃകയായാണ് പ്രവർത്തിക്കുന്നത്. യുഡിഎഫ് എം.പിമാർ കേന്ദ്ര നയത്തിനെതിരെ സംസാരിക്കുന്നില്ല. സംസ്ഥാനത്തെ പ്രതിരോധത്തിലാക്കാനാണ് എം പിമാർ ശ്രമിക്കുന്നത്. ആർഎസ്എസ് ഹിന്ദു രാഷ്ട്രം,നടപ്പാക്കാൻ ശ്രമിക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളെല്ലാം ആർഎസ്എസ് വത്കരിക്കുകയാണ്. ജുഡീഷ്യൽ സംവിധാനം, സിബിഐ, ഇഡി, തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവിടങ്ങളിൽ ആർഎസ്എസ് ഇടപെടൽ ഉണ്ടാകുന്നുണ്ട്.
കോൺഗ്രസിന് മൃദു ഹിന്ദുത്വ നിലപാടാണ് സ്വീകരിക്കുന്നത്. കോൺഗ്രസ് ബി ജെ പി ക്ക് ബദലാകില്ല. കേന്ദ്ര ഏജൻസികളുടെ ശ്രമമൊന്നും ഇവിടെ വിജയിക്കില്ല. കേന്ദ്ര ഏജൻസി നീക്കങ്ങളെ പാർട്ടി നേരിടാൻ ഉദ്ദേശിക്കുന്നില്ല. അവർക്കു വേണ്ടത് അവർ ചെയ്യട്ടെ. ഇഡി ഉൾപ്പടെ എല്ലാ അസ്ത്രവും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രയോഗിച്ചതാണല്ലോ. എന്നിട്ടും ഇടത് മുന്നണിയെ ജനങ്ങൾ 99 സീറ്റ് നൽകിയാണ് വിജയിപ്പിച്ചത്,
തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് കേന്ദ്ര ഏജൻസികളുടെ നീക്കം. ഇതുകൊണ്ടൊന്നും ജനങ്ങളിൽ ആശയക്കുഴപ്പവും ഉണ്ടാക്കാനാവില്ല. പിണറായിയെ അഴിമതിക്കാരനാക്കാൻ ശ്രമിച്ചാൽ വിജയിക്കില്ല. ലൈഫ് പദ്ധതിയെ അന്വേഷണം ബാധിക്കില്ല. സംസ്ഥാനത്തെ പാർട്ടിയിൽ വിഭാഗീയത പൂർണമായും മാറിയിട്ടുണ്ട്. ഇ പി ജയരാജനുമായി ഒരു അകൽച്ചയുമില്ല. എക്കാലത്തും അടുത്ത ബന്ധമാണ് പുർത്തിയിട്ടുള്ളത്. കൂടുതൽ കാലം ഒരുമിച്ച് പ്രവർത്തിച്ച കേഡറാണ് ഇ പി ജയരാജൻ. ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയിലും അദ്ദേഹം സജീവമായി പ്രവർത്തിക്കുന്നുണ്ട്. രാഷ്ട്രീയം അവസാനിപ്പിക്കുമോ എന്ന് പറയേണ്ടത് ഇപി തന്നെയാണ്.
കുടുംബ സന്ദർശനങ്ങളിൽ നല്ല പ്രതികരണമാണുണ്ടായത്. പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട നേട്ടമുണ്ടാക്കാനാവും. ആദ്യഘട്ടമായി ജനങ്ങളുമായി സംവദിച്ചിട്ടുണ്ട്. ഒരു വികസനവും വേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. കടം വാങ്ങി വികസം വേണ്ടെന്നാണ് കേന്ദ്ര നിലപാട്. എന്നാൽ കേന്ദ്രം ആ നയമല്ല നടപ്പാക്കുന്നത്. കെ റെയിൽ സംസ്ഥാനത്തിന് അത്യാവശ്യമായ പദ്ധതിയാണ്. അതിൽ നിന്ന് പിന്നോട്ടില്ലെന്നും കേന്ദ്രം അനുമതി നൽകിയാൽ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.