പുതുമുഖങ്ങള്‍ വരണമെന്നത് പാര്‍ട്ടിയുടെ പൊതുതീരുമാനം; ആരെയും ഒഴിവാക്കിയതല്ലെന്ന് മുഖ്യമന്ത്രി
രണ്ടാം പിണറായി സര്‍ക്കാരില്‍ കെ കെ ശൈലജ ടീച്ചറെ ഒഴിവാക്കിയതുമായുള്ള ചോദ്യങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുമുഖങ്ങള്‍ വരണമെന്നത് പാര്‍ട്ടിയുടെ പൊതു തീരുമാനമായിരുന്നു. അത് ദുരുദ്ദേശ്യമല്ല, സദുദ്ദേശ്യമായിരുന്നു.
ഞങ്ങളെടുത്ത സമീപനം പുതിയ ആളുകള്‍ വരികയെന്നുള്ളതാണ്. ആര്‍ക്കും പ്രത്യേക ഇളവ് വേണ്ടെന്നതായിരുന്നു പാര്‍ട്ടി നിലപാട്. സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് തന്നെ രാജ്യാന്തര പ്രശസ്തി നേടിയവര്‍ പോലും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇളവ് നല്‍കുകയാണെങ്കില്‍ പലരും അര്‍ഹരാണ്. എല്ലാവരും ഒന്നിനൊന്ന് മികവ് കാണിച്ചവരാണ്
കൊവിഡ് മഹാമാരിയുടെ കാലത്ത് ശൈലജ ടീച്ചറെ പോലെ പരിചയ സമ്പന്നയായ ഒരാളുടെ അഭാവം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമോയെന്ന ചോദ്യത്തിന് പ്രവര്‍ത്തനങ്ങള്‍ കൂട്ടായാണ് നടക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നല്ല മികവോടു ൂകടി തന്നെ കാര്യങ്ങള്‍ തുടര്‍ന്നും നടത്താനാകും.
സിനിമാ താരങ്ങള്‍ അടക്കമുള്ളവരുടെ പ്രതികരണം ചൂണ്ടിക്കാട്ടിയപ്പോള്‍ അവരുടെ ഉദ്ദേശ്യ ശുദ്ധി മനസ്സിലാക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അവരോട് നന്ദി പ്രകടിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു