നീയല്ലാതെ മറ്റാരും എനിക്കില്ല; ആ കുഞ്ഞിനെ വീണ്ടെടുത്തത് അമ്മയുടെ ചേതനയറ്റ കരങ്ങളില്‍ നിന്ന്
അമ്മയുടെ ചേതനയറ്റ കൈകൾക്കുള്ളിൽ നിന്ന് ശനിയാഴ്ച പുലർച്ചെ പുറത്തെടുക്കുമ്പോൾ ഒമറിന്റെ കുഞ്ഞുകാലിൽ മുന്നിടത്ത് പൊട്ടലുകളുണ്ടായിരുന്നു. കാലിൽ പ്ലാസ്റ്ററിട്ട് ഗാസയിലെ ഒരാശുപത്രിയിൽ ചികിത്സയിലാണ് ആ കുഞ്ഞ്. റോക്കറ്റാക്രമണത്തിൽ തന്റെ അമ്മയും നാല് സഹോദരങ്ങളും മരിച്ചു പോയെന്ന് തിരിച്ചറിയാൻ അഞ്ച് മാസം മാത്രം പ്രായമുള്ള ആ കുഞ്ഞിന് കഴിയില്ല. പക്ഷെ ആ നഷ്ടത്തിന്റെ വിതുമ്പൽ അടക്കിപ്പിടിച്ച് കിടക്കയുടെ അറ്റത്ത് അവന്റെ അച്ഛനിരിക്കുന്നുണ്ട്. ഈ കുഞ്ഞല്ലാതെ മറ്റാരും ഈ ലോകത്ത് തനിക്കിനി അവശേഷിക്കുന്നില്ല മുഹമ്മദ് അൽ ഹദീദി എന്ന മുപ്പത്തിയേഴുകാരൻ പുലമ്പുന്നു.
13 വയസ്സുള്ള സുഹൈബ്, 11 കാരൻ യാഹ്യ, 8 വയസ്സുകാരൻ അബ്ദർറഹ്മാൻ, 6 വയസ് മാത്രമുള്ള ഒസാമ, അവരുടെ അമ്മയായ മാഹ അബു ഹത്താബ് എന്നിവർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടതോടെയാണ് മുഹമ്മദ് അൽ ഹദീദിയും ഏറ്റവും ഇളയ മകനായ ഒമറും തനിച്ചായത്. ‘അവർ ദൈവത്തെ കണ്ടെത്താൻ പോയതാണ്, എത്രയും വേഗം നമ്മൾ അവരെ വീണ്ടും കണ്ടുമുട്ടും, അധികനാൾ അതിനായി കാത്തിരിക്കാനിട വരുത്തരുതെന്നുള്ള പ്രാർഥന മാത്രമേയുള്ളൂ’-ഹദീദി തന്റെ കൈകളിൽ വിശ്രമിക്കുന്ന ഒമറിന്റെ കവിളിൽ മുത്തം നൽകി പറയുന്നു. ആ പിഞ്ചുമുഖത്താകെ പോറലുകളാണ്.
ഗാസയ്ക്ക് പുറത്തുള്ള ഷാഹി അഭയാർഥി ക്യാമ്പിൽ താമസിക്കുന്ന സഹോദരന്റെ അരികിലേക്ക് ഒമറിന്റെ അമ്മ മക്കളേയും കൂട്ടി ശനിയാഴ്ച സന്ദർശനത്തിന് പോയിരുന്നു. റംസാൻ വ്രതം അവസാനിക്കുന്ന ദിവസങ്ങളിലൊന്നായിരുന്നതിനാലായിരുന്നു ആ സ്നേഹസന്ദർശനം. കുട്ടികൾ പുതുവസ്ത്രങ്ങൾ ധരിച്ച് അമ്മാവന്റെ കുട്ടികളോടൊത്ത് കളിക്കാൻ ഏറെ ഉത്സാഹത്തോടെയാണ് പോയത്. രാത്രി അവിടെ തങ്ങണമെന്ന് കുട്ടികൾ ആഗ്രഹം പറഞ്ഞപ്പോൾ താൻ അനുവദിച്ചതായി ഹദീദി സങ്കടത്തോടെ ഓർമിച്ചു. അന്ന് തനിച്ച് വീട്ടിൽ കിടന്നുറങ്ങിയ താൻ സ്ഫോടനത്തിന്റെ ശബ്ദം കേട്ടാണുണർതെന്നും ഹദീദി പറഞ്ഞു.
അവർ തങ്ങിയ സഹോദരന്റെ വീട്ടിൽ മിസൈൽ പതിച്ചതായി അയൽവാസി വിളിച്ചറിയിച്ചതിനെ തുടർന്ന് പറ്റാവുന്നത്ര വേഗത്തിൽ ഹദീദി അവിടെയെത്തുമ്പോൾ വീട് ഒന്നായി നിലംപതിച്ചതായാണ് കണ്ടത്. രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ വീണ്ടെടുക്കുകയായിരുന്നു. ഹദീദിയുടെ സഹോദരന്റെ ഭാര്യയും നാല് കുട്ടികളും ദുരന്തത്തിനിരയായി.
എല്ലാ കുട്ടികളും മുലപ്പാൽ കുടിച്ചാണ് വളർന്നത്. എന്നാൽ ഒമർ മാത്രം ആദ്യ ദിവസം മുതൽ അമ്മയുടെ പാൽ കുടിക്കാൻ വിസമ്മതിച്ചു. ദൈവം മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ടാവണം, ഹദീദി പറയുന്നു. കുട്ടികളുൾപ്പെടെയുള്ളവർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടതിനും മുന്നറിയിപ്പ് നൽകാതെയുള്ള ആക്രമണത്തിനും ഹദീദി ഇസ്രയേലിനെ കുറ്റപ്പെടുത്തി. 59 കുട്ടികളുൾപ്പെടെ 200 പേരാണ് ഇസ്രയേലി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.
സംഘർഷങ്ങൾ തുടരുന്നതിനിടയിലും തന്റെ കുഞ്ഞിന് എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകണമെന്നാണ് ഹദീദിയുടെ ഇപ്പോഴുള്ള ഏക ആഗ്രഹം. ഒമറിന്റെ എല്ലാ കാര്യങ്ങളും ഭംഗിയായി നിർവഹിച്ച് അവനെ നല്ലരീതിയിൽ വളർത്തുമെന്ന് തന്റെ സങ്കടം അടക്കിപ്പിടിച്ച് ഹദീദി പറയുന്നു.