സംസ്ഥാനത്ത് 15 പേര്‍ക്ക് ബ്ലാക്ക് ഫംഗസ്; പ്രമേഹ രോഗികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം
സംസ്ഥാനത്ത് 15 ബ്ലാക്ക് ഫംഗസ് ബാധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്താണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. പ്രത്യേക ഇനം പൂപ്പലുകളില്‍ നിന്നാണ് ബ്ലാക്ക് ഫംഗസ് രോഗബാധയുണ്ടാകുന്നത്. ചുറ്റുപാടുകളില്‍ പൊതുവെ കാണുന്ന ഒരുതരം പൂപ്പലാണിത്.
ബ്ലാക്ക് ഫംഗസ് പുതിയ രോഗമല്ല. നേരത്തെ തന്നെ ലോകത്ത് ഈ രോഗത്തിന്റെ 40 ശതമാനം റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയിലാണ്. ഒരു ലക്ഷം പേരില്‍ 14 പേര്‍ക്കായിരുന്നു രാജ്യത്ത് രോഗബാധ കണ്ടുവന്നിരുന്നത്. പ്രമേഹ രോഗികളില്‍ രോഗബാധ അപകടകാരിയാകാറുണ്ട്. അവയവമാറ്റ ശസ്ത്രക്രിയ നടന്നവരിലും കാന്‍സര്‍ രോഗികളിലും ഈ രോഗം കണ്ടെത്തുന്നുണ്ട്.
മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്തതടക്കം 15 കേസുകളാണ് കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും ബ്ലാക്ക് ഫംഗസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരില്ല. രോഗിക്ക് ആവശ്യമായ ചികിത്സ നല്‍കാന്‍ മറ്റുള്ളവര്‍ ഭയപ്പെടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.