അരിക്കൊമ്പനെ എവിടേക്ക് മാറ്റണം ? അന്തിമ തീരുമാനം ഇന്ന്
അരിക്കൊമ്പനെ എവിടേക്ക് മാറ്റണമെന്നകാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും മാറ്റാൻ പറമ്പിക്കുളം അല്ലാതെ ഉചിതമായ മറ്റൊരു സ്ഥലം നിർദേശിക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു.
സ്ഥലം കണ്ടെത്താനായില്ലെങ്കിൽ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന മുൻ ഉത്തരവ് കാലതാമസം കൂടാതെ നടപ്പാക്കണമെന്നായിരുന്നു ഡിവിഷൻ ബഞ്ചിന്റെ നിർദേശം. സർക്കാർ നിലപാട് ഇന്ന് കോടതിയെ അറിയിക്കും. വിദഗ്ധസമിതി റിപ്പോർട്ട് അംഗീകരിച്ചായിരുന്നു അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാമെന്നുള്ള ഹൈക്കോടതിയുടെ ഉത്തരവ്. വിദഗ്ധ സമിതി റിപ്പോർട്ടിന്മേൽ ഹൈക്കോടതിയെടുത്ത തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാണിച്ച് സർക്കാരിന്റെ അപ്പീൽ സുപ്രീം കോടതി തള്ളിയിരുന്നു.
ആനയെ മയക്കുവെടി വച്ച് കോടനാട്ടെക്ക് മാറ്റാനുള്ള സർക്കാർ ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചിരുന്നില്ല. ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ, പി. ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഇന്ന് വിഷയം പരിഗണിക്കുന്നത്.