പങ്കാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വീട്ടമ്മയുടെ മരണം കൊലപാതകം; കൊന്നത് പുതിയ പങ്കാളിയെന്ന് പൊലീസ്
ഇടുക്കി മുനിയറയില്‍ കൊലക്കേസ് പ്രതിയായ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. എളംബ്ലാശേരി ആദിവാസി കോളനിയിലെ അളകമ്മ ആണ് കൊല്ലപ്പെട്ടത്. അളകമ്മയുടെ പങ്കാളി സുരയെ വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റ് ചെയ്തു.
2018 ല്‍ മുനിയറ സ്വദേശി നാരായണനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് അളകമ്മയും സുരയും. സുരയുടെ കൂടെ ജീവിക്കാനാണ് അന്ന് അളകമ്മയുടെ പങ്കാളിയായ നാരായണനെ ഇരുവരും ചേര്‍ന്ന് വക വരുത്തിയത്. ഈ കേസില്‍ വിചാരണ തുടങ്ങാന്‍ ഇരിക്കയാണ് കഴിഞ്ഞ ഞായറാഴ്ച അളകമ്മ കൊല്ലപ്പെട്ടത്. കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത് പോസ്റ്റ്‌മോര്‍ട്ടത്തിലൂടെയാണ്. സുരയുടെ വീട്ടിലായിരുന്നു ഇവര്‍ ഏറെക്കാലമായി താമസിക്കുന്നത്. ഇതിനിടെ ഭൂമിയുടെ പട്ടയ രേഖകള്‍ ഒളിപ്പിച്ചുവെച്ചു എന്ന് ആരോപിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്നുണ്ടായ മര്‍ദനത്തിലാണ് അളകമ്മ മരിച്ചതെന്ന് പൊലിസ് പറയുന്നു.
അളകമ്മയുടെ 10 വാരിയല്ലുകള്‍ പൊട്ടിയിട്ടുണ്ടെന്നും ഇവ ശ്വാസകോശം ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങളില്‍ കുത്തിയിറങ്ങിയെന്നുമാണ് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍. തുടര്‍ന്നുണ്ടായ രക്തസ്രാവമാണ് മരണകാരണം. എന്നാല്‍ അളകമ്മയെ മര്‍ദ്ദനത്തിനു ഒടുവില്‍ ആശുപത്രിയില്‍ എത്തിച്ചത് സുര തന്നെയാണ്. സംശയം തോന്നിയ പൊലീസ് അന്നുതന്നെ സുരയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ വീണ് പരിക്കേറ്റതാണെന്നായിരുന്നു സുര നല്‍കിയ മൊഴി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകം ആണെന്ന് തെളിഞ്ഞതോടെ പ്രതി കുറ്റം സമ്മതിച്ചു. കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും പോലിസ് പരിശോധിക്കുന്നുണ്ട്.