‘ക്രൈസ്തവ ന്യൂനപക്ഷം നേരിടുന്ന വലിയ പ്രശ്‌നം ആര്‍എസ്എസ് ഭീഷണി’; പ്രതികരിച്ച് പ്രതിപക്ഷനേതാവ്
റബ്ബര്‍ കര്‍ഷകരുടെ വികാരമാണ് തലശേരി ആര്‍ച്ച് ബിഷപ്പ് പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പാടില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് വി ഡി സതീശന്‍ പറഞ്ഞു. ക്രൈസ്തവ ന്യൂനപക്ഷം നേരിടുന്ന വലിയ പ്രശ്‌നം ആര്‍എസ്എസ് ഭീഷണി ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാര്‍ റബര്‍ വില 300 രൂപയായി പ്രഖ്യാപിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കാമെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയാണ് ചര്‍ച്ചയായത്.
നിയമസഭാ സംഘര്‍ഷ വിഷയത്തില്‍ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുമെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. കൂടുതല്‍ പ്രതിഷേധം നാളത്തെ യുഡിഎഫ് യോഗത്തില്‍ തീരുമാനിക്കും. പ്രതിപക്ഷം പൂച്ചക്കുട്ടികളായി ഇരിക്കില്ല. നിയമസഭ നടക്കമെന്നാണ് ആഗ്രഹം. പ്രതിപക്ഷ അവകാശത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
യുഡിഎഫില്‍ സമയബന്ധിതമായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്ന ആര്‍എസ്പിയുടെ വിമര്‍ശനങ്ങളോടും പ്രതിപക്ഷനേതാവ് പ്രതികരിച്ചു. യുഡിഎഫ് നേതൃയോഗം എല്ലാ മാസവും ചേരാറുണ്ടെന്നും അഭിപ്രായങ്ങള്‍ പറയേണ്ടത് യുഡിഎഫ് യോഗത്തിലാണെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.