Saturday, October 19, 2024
Kerala

ആർഎസ്എസ് പരിപാടിയിൽ പറഞ്ഞത് കോൺഗ്രസ് ആശയങ്ങൾ; പി രാജീവിന് ഹിന്ദു ഐക്യവേദി ബന്ധമെന്ന് വി ഡി സതീശൻ

നിയമമന്ത്രി പി രാജീവിന് ഹിന്ദു ഐക്യവേദി ബന്ധമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹിന്ദു ഐക്യവേദി നേതാവ് നിയമമന്ത്രി പി രാജീവിന്റെ സ്ഥിരം സന്ദർശകനാണ്. മന്ത്രിയുടെ നിർദേശപ്രകാരമാണ് തനിക്കെതിരെ സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഹിന്ദു ഐക്യവേദി നേതാവ് മന്ത്രി പി രാജീവിനെ തെരെഞ്ഞെടുപ്പിൽ സഹായിച്ചിട്ടുണ്ട്.

ആർ എസ് എസ് പരിപാടിയിൽ പറഞ്ഞത് കോൺഗ്രസ് ആശയങ്ങളാണെന്നും വി ഡി സതീശൻ പറഞ്ഞു. എന്നാൽ തൃശൂര്‍ ആര്‍.എസ്‌.എസ്‌ പരിപാടിയിലെ പ്രസംഗം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പുറത്തുവിടണമെന്ന് മന്ത്രി പി രാജീവ് ഇന്നലെ പറഞ്ഞു. ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തുകയാണ് സതീശന്‍ ചെയ്‌തത്. പരിപാടിയില്‍ വി.എസ് അച്യുതാനന്ദന്‍ പങ്കെടുത്ത് ആര്‍.എസ്‌.എസിനെ വിമര്‍ശിക്കുകയാണുണ്ടായത്, അല്ലാതെ ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തുകയല്ല ചെയ്‌തതെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

അതേസമയം 1977ല്‍ പിണറായി വിജയൻ ആദ്യമായി എംഎൽഎ ആയത് ആർഎസ്എസ് പിന്തുണയോടെയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഏത് ചെകുത്തനെ കൂട്ടുപിടിച്ചും കോൺഗ്രസിനെ തോൽപ്പിക്കുക എന്നതാണ് അന്ന് സിപിഐഎം പറഞ്ഞത്. കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗ വേദിക്കരികിൽ ബോംബ് വച്ചവരെ അറസ്റ്റ് ചെയ്‌തില്ലെന്നും വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞു.

ബോംബ് ഉണ്ടാക്കുന്നതിനിടയിൽ ഏഴ് സിപിഐഎം പ്രവർത്തകർ കൊല്ലപ്പെട്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഞങ്ങളൊന്നും ബിജെപിയുടെ പിറകെ പോയിട്ടില്ല. നിങ്ങൾ കൽക്കട്ടയിൽ പോയി അന്വേഷിക്കൂ നിങ്ങളുടെ പാർട്ടി കമ്മിറ്റി ഓഫീസും ഏരിയ കമ്മിറ്റി ഓഫീസും ഒക്കെ ബിജെപി പിടിച്ചെടുത്തിരിക്കുകയാണ്. ബിജെപി എത്ര എൽഡിഎഫ് ഓഫീസ് പിടിച്ചെടുത്തെന്ന് അന്വേഷിക്കുന്നത് നല്ലതാവും. ഒരു യു.ഡി.എഫുകാരനും ആര്‍.എസ്.എസ് പിന്തുണയില്‍ ജയിച്ചിട്ടില്ല. കണ്ണൂരിലെ ബോംബ് ബോംബ് സ്ഫോടനത്തെപ്പറ്റി ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി നടത്തിയത് സ്റ്റഡിക്ലാസെന്നും സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി വിമര്‍ശത്തിന് അതീതനെന്ന് ധരിക്കരുതെന്ന് വി.ഡി.സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.