Monday, January 6, 2025
Kerala

മുഖ്യമന്ത്രിയുമായി സംസാരിച്ചു, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് യുഡിഎഫിന്റെ പിന്തുണ ഉറപ്പുനല്‍കി: വി ഡി സതീശന്‍

സംസ്ഥാനത്ത് മഴ കാര്യമായ നാശനഷ്ടം ഉണ്ടാക്കുന്നെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ യുഡിഎഫ് കൂടുതല്‍ സജീവമാകുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്തുനിന്നും ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷനേതാവ് അറിയിച്ചു. ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കളക്ടറായി നിമയമിക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ മൂന്ന് തവണ ആലോചിക്കണമായിരുന്നെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. കടുത്ത പ്രതിഷേധം നിലനില്‍ക്കെ മജിസ്‌ട്രേറ്റിന്റെ അധികാരം കൂടിയുള്ള ജില്ലാ കളക്ടറായി ശ്രീറാമിനെ നിയമിച്ച തീരുമാനം അനുചിതമായിപ്പോയെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

സപ്ലൈകോ ജനറല്‍ മാനേജരായാണ് ശ്രീറാം വെങ്കിട്ടരാമന്റെ പുതിയ നിയമനം. പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ വി ആര്‍ കൃഷ്ണ തേജയാണ് ശ്രീറാമിന് പകരം ആലപ്പുഴ കളക്ടറാകുക. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി പ്രവര്‍ത്തിച്ചിരുന്നയാളാണ് കൃഷ്ണ തേജ ഐഎഎസ്. പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒടുവില്‍ ദിവസങ്ങള്‍ക്കകമാണ് ആലപ്പുഴ കളക്ടറായി നിയമിച്ച ശ്രീറാം വെങ്കിട്ടരാമനെ നീക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *