പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ നജീബ് കാന്തപുരം സുപ്രിംകോടതിയിലേക്ക്
പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ നജീബ് കാന്തപുരം എംഎല്‍എ സുപ്രിംകോടതിയെ സമീപിച്ചു. കേസ് നിലനില്‍ക്കുമെന്ന ഹൈക്കോടതി ഉത്തരവിനതിരെയാണ് ഹര്‍ജി. കെപിഎം മുസ്തഫയുടെ തെരഞ്ഞെടുപ്പ് ഹര്‍ജി പ്രഥമദൃഷ്ടാ തളളണമെന്ന് നജീബ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ള ബാലറ്റുകളില്‍ കൃത്രിമം ഉണ്ടായോ എന്ന് നേരിട്ട് കണ്ട് പരിശോധിക്കാന്‍ അവസരം വേണമെന്ന് കെപിഎം മുസ്തഫ ആവശ്യപ്പെട്ടിരുന്നു. 2021 ഏപ്രിലിലായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരം 38 വോട്ടിനാണ് വിജയിച്ചത്. വിജയം ചോദ്യംചെയ്ത് എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കെ.പി.എം മുസ്തഫയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കൊവിഡ് പശ്ചാത്തലത്തില്‍ രേഖപ്പെടുത്തിയ പ്രത്യേക തപാല്‍ വോട്ടുകള്‍ എണ്ണാതെ മാറ്റിവച്ചിരുന്നു. ക്രമനമ്പര്‍, ഒപ്പ് എന്നിവ ഇല്ലാത്തതിന്റെ പേരിലാണ് ഇവ എണ്ണാതിരുന്നത്.
പെരിന്തല്‍മണ്ണ സബ് ട്രഷറിയില്‍ സൂക്ഷിച്ചിരുന്ന സ്‌പെഷ്യല്‍ തപാല്‍ വോട്ടുകളും മറ്റും ഹൈക്കോടതിയുടെ സംരക്ഷണയിലേക്ക് മാറ്റണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇത് നടപ്പിലാക്കാന്‍ പെരിന്തല്‍മണ്ണ ട്രഷറിയില്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്ക് പക്ഷെ മൂന്ന് പെട്ടികളില്‍ ഒന്ന് കണ്ടെത്താനായില്ല. പിന്നീട് നടത്തിയ തെരച്ചിലില്‍ മലപ്പുറം സഹകരണ രജിസ്റ്റര്‍ ഓഫീസില്‍ ഈ പെട്ടി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് കൃത്രിമത്വം നടന്നതായി ആരോപിച്ച് കെ.പി മുസ്തഫ രംഗത്തെത്തിയത്.