ഡെബിറ്റ് കാർഡ് : ഈ 5 കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ?
പണമിടപാട് എളുപ്പത്തിലാക്കിയ ഒരു കണ്ടുപിടുത്തമായിരുന്നു ഡെബിറ്റ് കാർഡ്. ക്രെഡിറ്റ് കാർഡ് പോലെ ഉപഭോക്താവിനെ തിരിച്ചടവിനെ കുറിച്ച് ഓർമിപ്പിച്ച് കഷ്ടപ്പെടുത്തില്ലെന്ന് മാത്രമല്ല, പണമിടപാടുകളുടെ കൃത്യമായ രേഖയായി മാറുകയാണ് ഡെബിറ്റ് കാർഡ്. പണം പിൻവലിക്കാൻ അല്ലാതെ വേറെ എന്തൊക്കെ രീതിയിൽ ഡെബിറ്റ് കാർഡ് നിങ്ങളെ സഹായിക്കുന്നതെന്ന് നോക്കാം.
ഉത്തരവാദിത്തം
നിങ്ങളുടെ ഡെബിറ്റ് കാർഡുകളുടെ ഉത്തരവാദിത്തം നിങ്ങൾക്ക് തന്നെയാണ്. മറ്റൊരാൾക്ക് നിങ്ങളുടെ ഡെബിറ്റ് കാർഡിന്റെ പിൻ അറിയാതെ അത് ഉപയോഗിക്കാനോ, പണം പിൻവലിക്കാനോ സാധിക്കില്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ കാർഡ് ഉപയോഗിച്ച് നടത്തുന്ന പണമിടപാടുകളുടെ ഉത്തരവാദി നിങ്ങൾ തന്നെയാണ്. നിങ്ങളുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് മറ്റാരെങ്കിലും അനധികൃതമായി പണം പിൻവലിക്കാൻ ശ്രമിച്ചാൽ നിങ്ങൾക്ക് ഫോണിൽ സന്ദേശം വരും. ഇതിലൂടെ അനധികൃത പണമിടപാട് തടയാൻ സാധിക്കും.
ബജറ്റ്
നേരത്തെ പറഞ്ഞത് പോലെ, പണമിടപാടുകളുടെ കൃത്യമായ രേഖയാണ് ഡെബിറ്റ് കാർഡുകൾ. എത്ര രൂപ പിൻവലിക്കപ്പെട്ടുവോ അത് കഴിഞ്ഞ് ശേഷിക്കുന്ന തുക കൃത്യമായി മെസേജ് രൂപത്തിൽ കാണാൻ സാധിക്കും. അതുകൊണ്ട് തന്നെ ധൂർത്ത് തടയുന്നതിനായുള്ള ഒരു ഓർമപ്പെടുത്തലാവുകയാണ് ഇത്തരത്തിലുള്ള ഓരോ മെസേജും. തത്ഫലമായി സാമ്പത്തിക ഭദ്രതയും, പണം സൂക്ഷിച്ച് ചെലവാക്കാനുള്ള പ്രവണതയും ഇത് വർധിപ്പിക്കുന്നു.
എളുപ്പത്തിൽ കിട്ടും
മറ്റ് ബാങ്ക് രേഖകളെക്കാൾ ഡെബിറ്റ് കാർഡുകൾ വളരെ വേഗത്തിൽ നിങ്ങൾക്ക് ലഭിക്കും. ബാങ്കിൽ അപേക്ഷ സമർപ്പിച്ച് വളരെ ചുരുക്കം ദിവസങ്ങൾക്കുള്ളിൽ നിങ്ങളെ തേടി ഡെബിറ്റ് കാർഡ് എത്തും.
മോഷണം ചെറുക്കാം
നിങ്ങളുടെ ഡെബിറ്റ് കാർഡ് മോഷണം പോയാലും പണം നഷ്ടപ്പെടില്ല എന്നതാണ് മറ്റൊരു ഉപയോഗം. നിങ്ങളുടെ എടിഎം പിൻ/സിവിവി എന്നിവ അറിയുന്ന മോഷ്ടാവാണെങ്കിൽ പോലും ബാങ്കിൽ വിളിച്ച് നിങ്ങൾ എടിഎം ബ്ലോക്ക് ചെയ്താൽ പിന്നെ ആർക്കും ഡെബിറ്റ് കാർഡ് വഴി പണം പിൻവലിക്കാൻ സാധിക്കില്ല.
റിവാർഡ് പോയിന്റ്‌സ്
പല ബാങ്കുകളുടെ എടിഎം കാർഡുകൾക്ക് റിവാർഡ് പോയിന്റുകൾ ലഭിക്കും. ഈ പോയിന്റുകൾ ഭാവിയിൽ പല പണമിടപാടുകൾക്കും ഉപയോഗിക്കാം.
എയർപോർട്ട് ലോഞ്ജ് ആക്‌സസ്
പല ഡെബിറ്റ് കാർഡുകളും ഉപയോഗിച്ച് എയർപോർട്ട് ലോഞ്ജ് ആക്‌സസ് നേടാൻ സാധിക്കും. നിങ്ങളുടെ ഡെബിറ്റ് കാർഡിന് ഈ സേവനം ഉണ്ടോ എന്ന് ബാങ്ക് വെബ്‌സൈറ്റിലോ ബാങ്ക് അധികൃതരോടോ ചോദിക്കാം.