പെട്ടികിട്ടി; പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസ് ഇന്ന് ഹൈക്കോടതിയിൽ
പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസ് ഇന്ന് ഹൈക്കോടതിയിൽ. വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. മലപ്പുറം ജില്ലാ കളക്ടർ രണ്ട് ദിവസത്തിനുള്ളിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് റിപ്പോർട്ട് കൈമാറും. ബാലറ്റ് പെട്ടികൾ മലപ്പുറം സഹകരണ രജിസ്ട്രാർ ഓഫീസിലെത്തിയതിൽ വിശദമായ അന്വേഷണം വേണമെന്ന് യു.ഡി.എഫും എൽ.ഡി.എഫും ആവശ്യപ്പെട്ടിട്ടുണ്ട്.
2021 ഏപ്രിലിലായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാർഥി നജീബ് കാന്തപുരം 38 വോട്ടിനാണ് വിജയിച്ചത്. വിജയം ചോദ്യംചെയ്ത് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി കെ.പി.എം മുസ്തഫയാണ് ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. കൊവിഡ് പശ്ചാത്തലത്തിൽ രേഖപ്പെടുത്തിയ പ്രത്യേക തപാൽ വോട്ടുകൾ എണ്ണാതെ മാറ്റിവച്ചിരുന്നു. ക്രമനമ്പർ, ഒപ്പ് എന്നിവ ഇല്ലാത്തതിന്‍റെ പേരിലാണ് ഇവ എണ്ണാതിരുന്നത്. ഈ വോട്ടുകൾ എണ്ണണമെന്ന് എൽ.ഡി.എഫ് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും വരണാധികാരി അനുവദിച്ചില്ല. പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും അറിയിച്ചിരുന്നു.
തുടർന്നാണ് മുസ്തഫ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെതിരെ നജീബ് കാന്തപുരം തടസ വാദഹർജി നൽകിയിരുന്നെങ്കിലും കെ.പി.എം മുസ്തഫയുടെ ഹർജി നിലനിൽക്കുന്നതാണെന്ന് കഴിഞ്ഞ നവംബറിൽ കോടതി വ്യക്തമാക്കി.
ഇതിനിടെ കഴിഞ്ഞ ദിവസമാണ് നിര്‍ണായകമായ ബാലറ്റ് പെട്ടികളിലൊന്ന് കാണാതായതായി എം.എല്‍.എയും മുസ്തഫയും പരാതി ഉന്നയിച്ചത്. പിന്നീട് ജില്ലാ സഹകരണ ജോയിന്‍റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസിൽനിന്ന് പെട്ടി കണ്ടെത്തി. 348 തപാൽ വോട്ടുകൾ അടങ്ങിയ മൂന്ന് പെട്ടികളും പെരിന്തൽമണ്ണ ട്രഷറിയിലാണ് സൂക്ഷിച്ചിരുന്നത്. നിലവിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തപാൽവോട്ടുകൾ ശേഖരിച്ച ബാലറ്റ് പെട്ടി കോടതിയുടെ സംരക്ഷണത്തില്‍ സൂക്ഷിക്കണമെന്നാണ് ഇരുവരുടെയും ആവശ്യം.