ബാലറ്റ് പെട്ടി കാണാതായ സംഭവം അതീവ ഗുരുതരം; ഹൈക്കോടതി
പെരിന്തല്‍മണ്ണയില്‍ തപാല്‍ വോട്ട് പെട്ടി കാണാതായത് ഗുരുതര വിഷയമെന്ന് കേരള ഹൈക്കോടതി. കണ്ടെത്തിയ ബാലറ്റ് പെട്ടി ഹൈക്കോടതിയുടെ കസ്റ്റഡിയില്‍ സൂക്ഷിക്കും. ബാലറ്റുകള്‍ ഉദ്യോഗസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ കഴിയില്ല. ഹര്‍ജിയില്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷനെ കക്ഷി ചേര്‍ത്തു. കേട്ടുകേള്‍വി ഇല്ലാത്ത ഗുരുതര വിഷയമാണുണ്ടായതെന്ന് നജീബ് കാന്തപുരം എംഎല്‍എ പ്രതികരിച്ചു.
ബാലറ്റ് പെട്ടി കാണാതായത് കോടതിയുടെ മേല്‍നോട്ടത്തിലോ തെരഞ്ഞെടുപ്പ് കമ്മിഷന്റെ മേല്‍നോട്ടത്തിലോ അന്വേഷിക്കണമെന്ന ആവശ്യമാണ് ഹര്‍ജിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. പെട്ടികള്‍ കോടതിയുടെ സംരക്ഷണയില്‍ വയ്ക്കും. ഉദ്യോഗസ്ഥര്‍ക്ക് കൈമാറാനാകില്ലെന്നും എല്ലാം സുതാര്യമായിരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജി അടുത്ത 31 ന് വീണ്ടും പരിഗണിക്കും.
2021ലെ തെരഞ്ഞെടുപ്പ് സമയത്ത് അസാധുവാണെന്ന് കാണിച്ച 348 സ്‌പെഷ്യല്‍ തപാല്‍ വോട്ടുകള്‍ കൂടി എണ്ണണം എന്നാവശ്യപ്പെട്ടാണ് ഇടതുസ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന കെപിഎം മുസ്തഫ കോടതിയെ സമീപിച്ചത്.
മുസ്തഫയുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി പെട്ടി, കോടതിയിലേക്ക് മാറ്റണമെന്ന് നിര്‍ദേശിച്ചു. ഇതനുസരിച്ച് പെട്ടി കൊണ്ടുപോകാന്‍ ട്രഷറിയിലെത്തി സ്‌ട്രോങ് റൂം തുറന്നപ്പോഴാണ് കാണാനില്ലെന്ന് വ്യക്തമായത്. മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നാണ് പിന്നീട് ഈ പെട്ടി കണ്ടെത്തുന്നത്.