Monday, April 14, 2025
Kerala

കൃഷി പരിശീലനത്തിനത്തിന് പോയ കര്‍ഷകനെ ഇസ്രായേലില്‍ കാണാതായ സംഭവം: ബിജുവിനെതിരെ നടപടിയുണ്ടായേക്കുമെന്ന് കൃഷിമന്ത്രി

കര്‍ഷക സംഘത്തിനൊപ്പം ഇസ്രായേലിലെത്തിയതിന് ശേഷം കാണാതായ കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യന്‍ കുടുംബവുമായി ഫോണില്‍ ബന്ധപ്പെട്ടു. താന്‍ സുരക്ഷിതനാണെന്നും ഭയപ്പെടേണ്ടതില്ലെന്നും ഭാര്യയ്ക്ക് ബിജു കുര്യന്‍ സന്ദേശമയച്ചു. സംസ്ഥാന കൃഷി വകുപ്പ് കൃഷി പരിശീലനത്തിനായി അയച്ച 27 അംഗ സംഘത്തിനൊപ്പമാണ് ബിജു ഇസ്രായേലിലേക്ക് പോയത്. സംഘത്തില്‍ നിന്ന് വേര്‍പെട്ട് ബിജു മാറി നിന്നത് എന്തുകൊണ്ടാണെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

ബിജുവിനെ കാണാനില്ലെന്ന വാര്‍ത്ത സംസ്ഥാനത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഖേനെ ബിജുവിന്റെ കുടുംബത്തെ അറിയിച്ചിരുന്നു. ഈ വാര്‍ത്ത എത്തിയതോടെ ബിജുവിന്റെ കുടുംബം ആശങ്കയിലായിരുന്നു. ബിജുവിനെ കാണാനില്ലെന്ന വിവരം ഇസ്രായേലിലെ ഇന്ത്യന്‍ എംബസിയില്‍ ഉള്‍പ്പെടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജു ഭാര്യയുമായി ആശയവിനിമയം നടത്തിയിരിക്കുന്നത്. ഇതിന് ശേഷം ബിജുവിന്റെ കുടുംബം അധികൃതരോട് മാപ്പ് പറഞ്ഞു.

സംഘത്തിനൊപ്പം മടങ്ങാതെ ഇസ്രായേലില്‍ തന്നെ തുടരാനാണ് ബിജു ഉദ്ദേശിക്കുന്നതെന്ന് സൂചനയുണ്ട്. ബിജു കുര്യനെതിരെ നിയമ നടപടി ഉള്‍പ്പെടെ ആലോചിക്കുന്നുവെന്നാണ് കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചത്. നല്ല ഉദ്ദേശത്തോടെയാണ് കര്‍ഷക സംഘത്തെ ഇസ്രായേലിലേക്ക് അയച്ചത്. വിശദമായ പരിശോധനക്ക് ശേഷമാണ് കര്‍ഷകരെ തെരഞ്ഞെടുത്തത്. ഇന്നു രാവിലെ എങ്കിലും ബിജു കുര്യന്‍ സംഘതോടൊപ്പം ചേരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *