മുഖ്യമന്ത്രി ഇടപെട്ടു: കൃഷി മന്ത്രിയുടേയും സംഘത്തിന്റേയും ഇസ്രായേൽ യാത്ര മാറ്റി
കൃഷി മന്ത്രിയുടേയും സംഘത്തിന്റേയും ഇസ്രായേൽ യാത്ര മാറ്റി. രണ്ട് മാസത്തിന് ശേഷം ആലോചിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൃഷി മന്ത്രിയ്ക്കൊപ്പം ഉദ്യോഗസ്ഥരും കർഷകരും സംഘത്തിലുണ്ടായിരുന്നു. ആധുനിക കൃഷി രീതികൾ പഠിക്കാനായിരുന്നു യാത്ര . രണ്ടു കോടി ചെലവാക്കിയുള്ള യാത്ര വിവാദമായിരുന്നു.
ഇസ്രായേലിലെ കാര്‍ഷിക പഠന കേന്ദ്രങ്ങള്‍, കൃഷിഫാമുകള്‍ എന്നിവിടങ്ങളിലെ കൃഷി രീതികള്‍ കണ്ട് മനസിലാക്കാനാണ് സംഘം പോകാൻ പദ്ധതിയിട്ടിരുന്നത്. കാര്‍ഷിക മേഖലയില്‍ അതിനൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ കൃഷിചെലവ് കുറയ്ക്കുകയും ഉയര്‍ന്ന ഉത്പാദനക്ഷമത കൈവരിക്കുകയും ചെയ്യുന്ന പദ്ധതികളാണ് ഇസ്രായേലിലുള്ളത്. വാട്ടര്‍ മാനേജ്മെന്റ്, റീസൈക്ലിങ് ടെക്നിക്കുകള്‍, മൈക്രോ ഇറിഗേഷന്‍ സിസ്റ്റം, കാലാവസ്ഥ അനുരൂപ കൃഷി മാതൃകകള്‍,ഹൈടെക് കൃഷി രീതികള്‍, പോളി ഹൗസ് എന്നീ മേഖലകളിലെ ഇസ്രായേല്‍ സാങ്കേതികവിദ്യകള്‍ പ്രസിദ്ധമാണ്. ഇത്തരം സാങ്കേതികവിദ്യകള്‍ നേരിട്ടു കണ്ടു മനസിലാക്കുന്നതിനും പഠിക്കുന്നതിനും ഉള്ള അവസരമായിരുന്നു യാത്ര.