‘ജിഎസ്ടി നഷ്ടപരിഹാരം കിട്ടാത്തത് സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ട്’; വിമര്‍ശിച്ച് എന്‍ കെ പ്രേമചന്ദ്രന്‍
സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണ് കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കാത്തതെന്ന് ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍. ജിഎസ്ടി നഷ്ടപരിഹാരം സംബന്ധിച്ച് സംസ്ഥാനം തെറ്റിദ്ധാരണ പരത്തിയെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ വിമര്‍ശിച്ചു. ജി.എസ്.ടി നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ കേന്ദ്രം തീരുമാനിച്ചത് പാര്‍ലമെന്റിലെ ചര്‍ച്ച കാരണമാണ്. അതിലെ ചോദ്യ കര്‍ത്താവിനെ സംസ്ഥാന ധനമന്ത്രി തേജോവധം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ.ജി അപ്രൂവ്ഡ് റിപ്പോര്‍ട്ട് നല്‍കാതിരുന്നത് കൊണ്ടാണ് കേരളത്തിന് നഷ്ടപരിഹാരം കിട്ടാതിരുന്നതെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. സംസ്ഥാനം ജിഎസ്ടി വിഷയത്തില്‍ തെറ്റിദ്ധാരണ പരത്തിയെങ്കിലും ധനമന്ത്രി നിര്‍മലാ സീതാരാമന്റെ മറുപടി വന്നതോടെ സംസ്ഥാന സര്‍ക്കാര്‍ മലക്കം മറിഞ്ഞെന്നും അദ്ദേഹം ആഞ്ഞടിച്ചു.
ജിഎസ്ടി മാത്രമല്ല ഐജിഎസ്ടി വിഹിതം വാങ്ങിയെടുക്കുന്നതിലും സംസ്ഥാനത്തിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് എന്‍ കെ പ്രേമചന്ദ്രന്റെ വിമര്‍ശനം. അര്‍ഹതപ്പെട്ട തുക കേന്ദ്രത്തില്‍ നിന്ന് വാങ്ങിയെടുക്കാന്‍ ശ്രമിക്കുന്നതിന് പകരം പെട്രോളിനും ഡീസലിനും സെസ് കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും എന്‍ കെ പ്രേമചന്ദ്രന്‍ ആഞ്ഞടിച്ചു.