Sunday, January 5, 2025
Sports

ദില്ലി വിജയം; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യത സജീവമാക്കി ഇന്ത്യ, പുതുക്കിയ പട്ടികയില്‍ നേട്ടം

ദില്ലി: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിലും ഓസ്ട്രേലിയക്കെതിരെ വിജയിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് ടേബിളില്‍ നേട്ടമുണ്ടാക്കി ടീം ഇന്ത്യ. ദില്ലി ടെസ്റ്റിന് ശേഷം പുതുക്കിയ പോയിന്‍റ് പട്ടികയിലും ഓസീസ് തന്നെയാണ് തലപ്പത്ത്. 66.67 ആണ് ഓസീസിന്‍റെ പോയിന്‍റ് ശരാശരി. അതേസമയം രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ പോയിന്‍റ് ഉയര്‍ത്തി. പുതുക്കിയ പട്ടികയില്‍ ഇന്ത്യക്ക് 64.06 പോയിന്‍റ് ശരാശരിയുണ്ട്. മൂന്നാമതുള്ള ശ്രീലങ്കയ്ക്കുള്ളത് 53.33 പോയിന്‍റ് ശരാശരിയും. ദക്ഷിണാഫ്രിക്കയാണ് നാലാം സ്ഥാനത്ത്(48.72). ഇതോടെ ഫൈനലിനുള്ള സാധ്യത ടീം ഇന്ത്യ സജീവമാക്കി.

ദില്ലിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ആറ് വിക്കറ്റ് ജയമാണ് സ്വന്തമാക്കിയത്. 115 റണ്‍സ് വിജയലക്ഷ്യവുമായി അവസാന ഇന്നിംഗ്‌സില്‍ ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ നാല് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി. സ്‌കോര്‍ ഓസ്‌ട്രേലിയ: 263 & 113. ഇന്ത്യ: 262 & 118/4. ഏഴ് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിനെ തകര്‍ത്തത്. അശ്വിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ടെസ്റ്റില്‍ ഒന്നാകെ ജഡേജ 10 വിക്കറ്റ് വീഴ്ത്തി. 43 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിന്‍റെ ടോപ് സ്‌കോറര്‍. മാര്‍നസ് ലബുഷെയ്ന്‍ 35 റണ്‍സെടുത്തു. ഓസീസ് നിരയില്‍ മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചിരുന്നില്ല.

നേരത്തെ നാഗ്‌പൂരില്‍ നടന്ന ആദ്യ ടെസ്റ്റ് ഇന്നിംഗ്‌സിനും 132 റണ്‍സിനും ഇന്ത്യ വിജയിച്ചിരുന്നു. നാഗ്‌പൂരില്‍ ടീം ഇന്ത്യ 400 റണ്‍സെടുത്ത പിച്ചില്‍ ഓസീസ് 177, 91 സ്കോറുകളില്‍ പുറത്താവുകയായിരുന്നു. ദില്ലിയിലേതിന് സമാനമായി ജഡേജ-അശ്വിന്‍ സഖ്യമാണ് നാഗ്‌പൂരിലും ഓസീസിനെ എറി‌ഞ്ഞിട്ടത്. ആദ്യ മത്സരത്തില്‍ വീണ 20 വിക്കറ്റുകളില്‍ 15 ഉം അശ്വിനും ജഡേജയും ചേര്‍ന്ന് പങ്കിട്ടെടുക്കുകയായിരുന്നു. ഇന്‍ഡോറില്‍ മാര്‍ച്ച് ഒന്നാം തിയതി മുതലാണ് മൂന്നാം ടെസ്റ്റ്. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ അവസാന മത്സരം ഒന്‍പതാം തിയതി ആരംഭിക്കും.

­

Leave a Reply

Your email address will not be published. Required fields are marked *