കേരളം പിടിച്ചുനില്‍ക്കുന്നത് കേന്ദ്രസഹായം കൊണ്ട്; സര്‍ക്കാരിന്റേത് കള്ളക്കഥയെന്ന് കെ.സുരേന്ദ്രന്‍
ജിഎസ്ടി കുടിശ്ശികയുമായി ബന്ധപ്പെട്ട് ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റേത് കള്ളക്കഥയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളം പിടിച്ചുനില്‍ക്കുന്നത് കേന്ദ്രസഹായം കൊണ്ട് മാത്രമാണ്. ജിഎസ്ടി കുടിശിക സംബന്ധിച്ച് സര്‍ക്കാരിന്റെ കള്ളക്കഥയ്ക്ക് പ്രതിപക്ഷം കുടപിടിക്കുകയാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.
കൃത്യമായ മാനദണ്ഡ പ്രകാരമാണ് കേന്ദ്രം സംസ്ഥാനത്തിന് വിഹിതം നല്‍കുന്നത്. അന്‍പതിനായിരം കോടി നല്‍കാനുണ്ടെങ്കില്‍ അതിന് രേഖാമൂലം കത്ത് നല്‍കണം. എന്നാല്‍ എംപിമാര്‍ പോലും അതിന് തയ്യാറാകുന്നില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വിഹിതം നല്‍കുന്നുവെന്നത് വസ്തുതാ വിരുദ്ധമായ പ്രചാരണമാണ്. ഇല്ലാത്ത കാര്യങ്ങളാണ് ധനമന്ത്രിയും മുഖ്യമന്ത്രിയും പറയുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.
കേരളത്തിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, 2017ന് ശേഷം എജി അംഗീകരിച്ച കണക്ക് കേരളം നല്‍കിയില്ലെന്ന് പറഞ്ഞു. കണക്കുകള്‍ സമര്‍പ്പിക്കുന്നതില്‍ കേരളം വീഴ്ച വരുത്തിയിട്ട് കേന്ദ്രത്തെ പഴിക്കുകയാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. ജിഎസ്ടി വിഹിതം കേന്ദ്രം വൈകിക്കുന്നില്ല. കണക്ക് ലഭിച്ചാല്‍ കുടിശിക അനുവദിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. എന്‍.കെ പ്രേമചന്ദ്രന്‍ എംപി കേരളത്തിന്റെ ഇന്ധനസെസ് വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചപ്പോഴായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.
സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കേന്ദ്രം നല്‍കുന്നില്ലെന്നായിരുന്നു ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരണത്തിനിടെ പറഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ യാഥാസ്ഥിതിക നിലപാട് തുടരുന്നുവെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.