പാലാ നഗരസഭ ചെയര്‍മാന്‍ സ്ഥാനം: സിപിഎം തീരുമാനം നീളുന്നു, നേതൃയോഗങ്ങള്‍ മാറ്റി
കോട്ടയം: പാലാ നഗരസഭ ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു. ഇന്ന് വൈകിട്ട് ചേരാൻ നിശ്ചയിച്ച നേതൃയോഗങ്ങൾ മാറ്റി. സിപിഎം ഏരിയാ കമ്മിറ്റി നാളെ രാവിലെ 7.30 ന് യോഗം ചേരും. ഇന്ന് വൈകീട്ട് ചേരാനിരുന്ന എല്‍ഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം നാളെ രാവിലെ 8.30 ന് ചേരുമെന്ന് കൗണ്‍സിലര്‍മാര്‍ക്ക് അറിയിപ്പ് ലഭിച്ചു.
മാണി ഗ്രൂപ്പ് ഉടക്കിട്ടതോടെയാണ് പാലാ നഗരസഭയില്‍ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കാനാവാത്ത കടുത്ത ആശയക്കുഴപ്പത്തിലേക്ക് സിപിഎം എത്തിയത്. ചെയര്‍മാനെ സിപിഎമ്മിന് തീരുമാനിക്കാമെന്ന് ജോസ് കെ മാണി മാധ്യമങ്ങള്‍ക്കു മുമ്പില്‍ പറയുമ്പോഴും അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ ജയിച്ച ഏക സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാനാക്കുന്നതില്‍ കേരള കോണ്‍ഗ്രസ് എതിര്‍പ്പ് തുടരുകയാണ്.
രണ്ടുവര്‍ഷം മുമ്പ് കൗണ്‍സില്‍ യോഗത്തില്‍ കേരള കോണ്‍ഗ്രസ് അംഗത്തെ ബിനു മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മാണി ഗ്രൂപ്പുകാര്‍ വ്യാപകമായി നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതും സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നു. ജോസിനെ പിണക്കിയാല്‍ മുന്നണി ബന്ധം തകരുമെന്ന പേടിയും ജോസിനു വഴങ്ങി പാര്‍ട്ടി അംഗത്തെ ചെയര്‍മാനാക്കിയില്ലെങ്കില്‍ അണികള്‍ തെരുവില്‍ പ്രതിഷേധിക്കുമെന്ന ആശങ്കയുമാണ് സിപിഎമ്മിന്.