Thursday, January 9, 2025
National

‘തമിഴ്നാടിന്‍റ പേര് തമിഴകം എന്നാക്കി മാറ്റണമെന്ന് ഉദ്ദേശിച്ചിട്ടില്ല,പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചു’

ചെന്നൈ:തമിഴകം വിവാദത്തിൽ നിന്ന് പിന്മാറി തമിഴ്നാട് ഗവർണർ ആർ.എൻ.രവി. തമിഴ്നാടിന്‍റെ പേര് തമിഴകം എന്നാക്കി മാറ്റണമെന്ന് താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് വിശദീകരിച്ച് ഗവർണർ വാർത്താകുറിപ്പിറക്കി. ഗവർണറുടെ സമീപകാല നടപടികളിൽ ബിജെപി കേന്ദ്ര നേതൃത്വം അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് വിശദീകരണം. ആർ.എൻ.രവിക്കെതിരെ ‘ഗെറ്റ് ഔട്ട് രവി’ ഹാഷ് ടാഗ് പ്രചാരണമടക്കം തമിഴ്നാട്ടിൽ ശക്തമായിരുന്നു.സംസ്ഥാനത്തിന്‍റെ പേരുമാറ്റണമെന്ന് താൻ ഉദ്ദേശിച്ചിട്ടില്ല. തമിഴകമെന്ന വാക്ക് ഉപയോഗിച്ചതും ആ അർത്ഥത്തിലല്ല. കാശിയും തമിഴ്നാടും തമ്മിലുണ്ടായിരുന്ന സാംസ്കാരിക ബന്ധത്തെ അനുസ്മരിക്കാന്‍, രാജ്ഭവനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സാന്ദര്‍ഭികമായാണ് തമിഴകം എന്ന വാക്ക് ഉപയോഗിച്ചത്. പ്രാചീനകാലത്ത് തമിഴ്നാട് ഉണ്ടായിരുന്നില്ലെന്നും തമിഴകം എന്തായിരുന്നു ഉപയോഗിച്ചിരുന്നതെന്നും ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.

സാഹചര്യം മനസിലാക്കാതെ ചിലര്‍ തന്‍റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചുവെന്നും ആർ.എൻ.രവി കുറ്റപ്പെടുത്തി. വിശദീകരണം ഇതാണെങ്കിലും ബിജെപി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളുടെ അതൃപ്തിയാണ് ഗവർണറുടെ മലക്കംമറിച്ചിലിന് പിന്നിൽ. ഗവര്‍ണ്ണറുടെ സമീപകാല നടപടികളിൽ‍ ബിജെപി കേന്ദ്ര നേതൃത്വത്തിലും അതൃപ്തിയുണ്ട്. തമിഴ് വികാരത്തെ ഗവര്‍ണ്ണര്‍ മാനിച്ചില്ലെന്നും, തെക്കേ ഇന്ത്യയില്‍ പാർട്ടി വളർത്താനുള്ള ശ്രമങ്ങള്‍ക്ക് ഗവര്‍ണ്ണറുടെ നിലപാട് തിരിച്ചടിയായെന്നുമാണ് കേന്ദ്രനേതൃത്വത്തിന്‍റെ വിലയിരുത്തല്‍.

കേരള ഗവര്‍ണ്ണറും, ബംഗാള്‍ മുന്‍ ഗവര്‍ണ്ണറുമൊക്കെ അതാത് സര്‍ക്കാരുകളോട് രാഷ്ട്രീയ ഏറ്റുമുട്ടലാണ് നടത്തിയിരുന്നതെങ്കില്‍ തമിഴ് വികാരം ഇളക്കി വിടുകയായിരുന്നു ആര്‍.എന്‍.രവിയെന്ന വിലയിരുത്തലാണ്ബിജെപി ദേശീയ നേതൃത്വത്തില്‍ ഒരു വിഭാഗത്തിനുള്ളത്. ഒരാഴ്ചയോളമായി ദില്ലിയില്‍ തുടരുന്ന ഗവര്‍ണ്ണര്‍ക്ക് പ്രധാനമന്ത്രിയെയടക്കം ഇനിയും കാണാന്‍ കഴിഞ്ഞിട്ടില്ല. ഇതും ഈ അതൃപ്തിയുടെ ഭാഗമാണെന്നാണ് സൂചന.

ഇതിനിടെ ഗവര്‍ണർക്കെതിരായ പ്രതിപക്ഷ പ്രതിഷേധവും തമിഴ്നാട്ടിൽ ശക്തമായി. ഗവർണറെ തിരിച്ചുവിളിക്കണമെന്ന ആവശ്യമുന്നയിച്ച് ഡിഎംകെ രാഷ്ട്രപതിക്ക് കത്തുനല്‍കി. സാമൂഹിക മാധ്യമങ്ങളിൽ ‘ഗെറ്റ് ഔട്ട് രവി’ കാമ്പെയ്ൻ തുടരുന്നു. കോൺഗ്രസും സിപിഎമ്മും വിസികെയുമടക്കം പ്രതിപക്ഷ കക്ഷികളുംസ്വന്തം നിലയിൽ ഗവർണർക്കെതിരെ പ്രക്ഷോഭ പരിപാടികൾ തുടങ്ങി. കൂടാതെ തമിഴകം പ്രസ്ഥാവനയെ തള്ളിപ്പറഞ്ഞ് ബിജെപി സംസ്ഥാന ഘടകം കൂടി രംഗത്തെത്തിയതിന് പിറകെയാണ് ആർ.എൻ.രവി വിശദീകരണക്കുറിപ്പിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *