ഉപസമിതിയെച്ചൊല്ലി തര്‍ക്കം: കെടിയു സിന്‍ഡിക്കേറ്റ് യോഗത്തിന്റെ മിനുട്ട്‌സില്‍ ഒപ്പിടാതെ വി സി
കേരള സാങ്കേതിക സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റും വൈസ് ചാന്‍സലറും തമ്മിലുള്ള പോര് മുറുകുന്നു. സിന്‍ഡിക്കേറ്റ് യോഗത്തിന്റെ മിനുട്ട്‌സ് വൈസ് ചാന്‍സലര്‍ ഡോ സിസ തോമസ് ഒപ്പിട്ടില്ല. ഉപസമിതിയെ നിയമിച്ചതില്‍ വി സിക്ക് കടുത്ത അതൃപ്തിയാണുള്ളത്. ചട്ടവിരുദ്ധമെന്ന് കാട്ടി ഉപസമിതി യോഗം ചേരാന്‍ വൈസ് ചാന്‍സിലര്‍ അനുവദിച്ചില്ല. സിന്‍ഡിക്കേറ്റിനെതിരെ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും വി സി അറിയിച്ചു.
കഴിഞ്ഞ ആഴ്ച ചേര്‍ന്ന യോഗത്തിലാണ് ഒരു ഉപസമിതിയെ നിയമിക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനമെടുത്തത്. സര്‍വകലാശാലയിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുള്‍പ്പെടെയാണ് ഉപസമിതിയെന്നായിരുന്നു സിന്‍ഡിക്കേറ്റ് വ്യക്തമാക്കിയിരുന്നത്. ഉപസമിതിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഉള്‍പ്പെടുന്ന മിനുട്ട്‌സ് ആണ് വി സി ഒപ്പിടാന്‍ വിസമ്മതിച്ചത്.
സിന്‍ഡിക്കേറ്റിന് തീരുമാനങ്ങളെടുക്കുന്നതിനും നിയന്ത്രിക്കുന്നതിനും തടസമില്ലെങ്കിലും ഒരു ഉപസമിതിയ്ക്ക് രൂപം കൊടുക്കുന്നത് ഒരു ചട്ടങ്ങളും അനുവദിക്കുന്നില്ലെന്നാണ് വൈസ് ചാന്‍സലറുടെ വിശദീകരണം. കെടിയു വി സി താത്ക്കാലിക ചുമതല നല്‍കുന്നതുമായി ബന്ധപ്പെട്ട് നിലനിന്ന തര്‍ക്കങ്ങള്‍ കൂടിയാണ് ഉപസമിതിയുടെ പേരില്‍ കൂടുതല്‍ രൂക്ഷമാകുന്നത്.