കാന്തപുരത്തിനും വെള്ളാപ്പള്ളി നടേശനും ഡോക്ടറേറ്റ് നല്‍കണമെന്ന് ആവശ്യം; കാലിക്കറ്റ് സര്‍വകലാശാലയിലെ പ്രമേയത്തെച്ചൊല്ലി തര്‍ക്കം
കാലിക്കറ്റ് സര്‍വകലാശാലയിലെ ഡി ലിറ്റ് പ്രമേയം വിവാദത്തില്‍. കാന്തപുരം കെ പി അബൂബക്കര്‍ മുസ്ലിയാര്‍, വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ക്ക് ഡോക്ടറേറ്റ് ബഹുമതി നല്‍കണമെന്നായിരുന്നു പ്രമേയം. ഇടത് സിന്‍ഡിക്കേറ്റ് അംഗമായ ഇ. അബ്ദുറഹീമാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെച്ചൊല്ലി ഇടതുപക്ഷ അംഗങ്ങള്‍ തമ്മില്‍ തന്നെ തര്‍ക്കങ്ങളുണ്ടാകുകയായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ഇടതുപക്ഷ അനുകൂലിയായ ഇ. അബ്ദുറഹീം വൈസ് ചാന്‍സലറുടെ അനുവാദത്തോടെ പ്രമേയം അവതരിപ്പിച്ചത്. സ്വന്തം കുടുംബത്തിലേക്ക് പണം സ്വരൂപിക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളല്ല കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും വെള്ളാപ്പള്ളി നടേശനും ചെയ്യുന്നതെന്ന് പ്രമേയത്തില്‍ പറയുന്നു. മറ്റ് രാജ്യങ്ങളുമായി ആശയവിനിമയം നടത്തി ന്യൂജെന്‍ കോഴ്‌സുകള്‍ കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുന്ന വിപ്ലവകരമായ പ്രവര്‍ത്തനമാണ് കാന്തപുരം ചെയ്തുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമൂഹത്തിനായി പടുത്തുയര്‍ത്തി മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നയാളുമാണ് വെള്ളാപ്പള്ളി നടേശന്‍. ഇരുവരുടേയും പ്രൊഫൈലുകള്‍ ഡി ലിറ്റ് നല്‍കുന്നതിനായി നിയമിക്കപ്പെട്ട ഉപസമിതി പഠിക്കണമെന്നുമാണ് പ്രമേയത്തില്‍ പറയുന്നത്.
അതേസമയം ഡി ലിറ്റ് നല്‍കാന്‍ ആവശ്യപ്പെട്ടുള്ള പ്രമേയം അനുവദിക്കില്ലെന്നും പ്രമേയം പിന്‍വലിക്കണമെന്നും ഒരു വിഭാഗം സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ വി സിയുടെ അനുവാദത്തോടെ അവതരിപ്പിക്കപ്പെട്ട പ്രമേയം അംഗീകരിക്കണമെന്ന് അവതാരകന്‍ പറഞ്ഞു. തര്‍ക്കത്തിനൊടുവില്‍ ഡി ലിറ്റ് നല്‍കാന്‍ പ്രമുഖരായ വ്യക്തികളെ കണ്ടെത്തുന്നതിന് രൂപീകരിച്ച സമിതിയുടെ പരിഗണനയിലേക്ക് പ്രമേയം നല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിക്കുകയായിരുന്നു.