വിവാഹ മോചന ശേഷം മക്കളുടെ സ്‌കൂള്‍ ഫീസ് കൊടുത്തില്ല; മുന്‍ ഭര്‍ത്താവിനെതിരെ കേസുമായി യുവതി
വിവാഹമോചനം നടന്നെങ്കിലും മക്കളുടെ സ്‌കൂള്‍ ഫീസ് അടയ്ക്കാത്തതിനാല്‍ മുന്‍ ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി. അബുദാബിയിലാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി, ഇയാള്‍ 104,000 ദിര്‍ഹം നഷ്ടപരിഹാരമായി നല്‍കണമെന്ന് ഉത്തരവിട്ടു.
കേസനുസരിച്ച് യുവതി മുന്‍ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടി മക്കളോടൊപ്പം ജീവിക്കുകയായിരുന്നു. കോടതി ഉത്തരവ് പ്രകാരം മക്കളുടെ സ്‌കൂള്‍ ഫീസ് അടയ്‌ക്കേണ്ടതും അവരുടെ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കേണ്ടതും മുന്‍ ഭര്‍ത്താവാണ്. ഫീസ് നല്‍കാതെ കുട്ടികള്‍ക്ക് ക്ലാസിലിരിക്കാനാകില്ല എന്നായതോടെ സ്ത്രീ തന്നെ സ്വയം പണമടച്ചു.
സ്‌കൂളില്‍ പണം അടച്ച രസീതുമായി കോടതിയെ സമീപിച്ച യുവതി, ഭര്‍ത്താവില്‍ നിന്ന് പണം ഈടാക്കി നല്‍കണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചു. കുട്ടികളുടെ വിദ്യാഭ്യാസ വിഷയത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്ന് പിതാവിനെ ഓര്‍മിപ്പിച്ച ശേഷമായിരുന്നു പണം നല്‍കാനുള്ള കോടതി വിധി. അബുദാബി ഫാമിലി ആന്‍ഡ് സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ കോടതിയുടേതാണ് ഉത്തരവ്. യുവതിക്ക് കേസ് നടത്താന്‍ ചിലവായ പണവും മുന്‍ ഭര്‍ത്താവ് നല്‍കണം.