കൊവിഡ് വ്യാപനം അതിരൂക്ഷം: സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത, തീരുമാനം വ്യാഴാഴ്ച
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുകയും ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിലടക്കം ക്ലസ്റ്ററുകൾ രൂപപ്പെടുകയും സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ സാധ്യത. മറ്റന്നാൾ ചേരുന്ന കൊവിഡ് അവലോകന യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമെടുക്കും. അമേരിക്കയിൽ ചികിത്സയിൽ തുടരുന്ന മുഖ്യമന്ത്രി ഓൺലൈൻ വഴി യോഗത്തിൽ പങ്കെടുക്കും.
വിദ്യാഭ്യാസ, സർക്കാർ ഓഫീസുകൾ, സെക്രട്ടേറിയറ്റ്, പോലീസ് സ്‌റ്റേഷനുകൾ എന്നിവിടങ്ങളിൽ കൊവിഡ് വ്യാപനം തീവ്രമാണ്. രോഗികളുടെ എണ്ണവും ദിനം പ്രതി കുതിച്ചയുരുകയാണ്. ഇന്നലെ ഇരുപത്തിമൂവായിരത്തിനടുത്തായിരുന്നു പ്രതിദിന വർധനവ്. രോഗവ്യാപനം തീവ്രവമാകുകയും ആശുപത്രികൾ നിറയുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ കടുത്ത പ്രതിസന്ധിക്ക് വഴിവെച്ചേക്കും.
ചികിത്സക്കായി കൂടുതൽ സി എഫ് എൽ ടി സികൾ തുറക്കുന്നതും പരിഗണനയിലുണ്ട്. രോഗാവസ്ഥ ഗുരുതരമല്ലാത്തരെയും ഡോക്ടറുടെ സേവനം ആവശ്യമുള്ളവരെയും ഇത്തരം കേന്ദ്രങ്ങളിലേക്ക് മാറ്റും. കൂടുതൽ ഓക്‌സിജൻ എത്തിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.