Wednesday, January 8, 2025
Top News

കൊവിഡ് വ്യാപനം : നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് ഡിജിപി

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സഹാചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് ഡിജിപി. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് അടിയന്തിര നിർദേശം നൽകിയിട്ടുണ്ട്. ക്രമസമാധാനവിഭാഗം എഡിജിപി, മേഖല ഐജിമാർ, ഡിഐജിമാർ എന്നിവർക്കാണ് നിർദ്ദേശം നൽകിയത്. നോഡൽ ഓഫിസറായി ക്രമസമാധാന വിഭാഗം എഡിജിപി വിജയ് എസ് സാഖറെയെ നിയോഗിച്ചു.

 

സംസ്ഥാനത്ത് കൊവിഡ് ജാഗ്രത നടപടികൾ കർശനമാക്കാൻ ഇന്ന് ചീഫ് സെക്രട്ടറി വിളിച്ച കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമായിരുന്നു. നാളെ മുതൽ പൊലീസ് പരിശോധന വ്യാപകമാക്കാനും യോഗത്തിൽ തീരുമാനമായി. കൂടുതൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരെ നിയമിക്കും. മാസ്‌ക്, സാമൂഹിക അകലമുൾപ്പെടെയുള്ള മുൻകരുതലുകൾ ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

കേരളത്തിലെത്തുന്ന ഇതര സംസ്ഥാനക്കാർക്ക് ഒരാഴ്ച ക്വാറന്റീൻ തുടരും. വാക്‌സിനേഷൻ ഊർജിതമാക്കും. കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും നിർദേശിച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങൾ/ സന്നദ്ധ സംഘടനകൾ തുടങ്ങിയവയെ പ്രതിരോധത്തിൽ പങ്കാളികളാക്കും.

എല്ലാ പോളിങ് ഏജന്റുമാർക്കും പരിശോധന നടത്തണമെന്നും കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമായി.

Leave a Reply

Your email address will not be published. Required fields are marked *