തിരുവനന്തപുരത്ത് മോഡൽ സ്‌കൂൾ ജംഗ്ഷൻ മുതൽ തമ്പാനൂർ വരെയുള്ള റോഡ് അടച്ചിടുന്നു
തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ റോഡ് ഇന്ന് മുതൽ രണ്ടാഴ്ചക്കാലം അടച്ചിടുന്നു. മാൻഹോൾ നവീകരണത്തിന് വേണ്ടിയാണ് റെയിൽവേ സ്റ്റേഷനിലേക്കും തമ്പാനൂർ ബസ്റ്റാൻഡിലേക്കുള്ള പ്രധാന റോഡ് അടച്ചിടുന്നത്. മോഡൽ സ്‌കൂൾ ജംഗ്ഷൻ മുതൽ തമ്പാനൂർ വരെയുള്ള റോഡ് അടച്ചിടുന്നതോടെ നഗര ഹൃദയത്തിൽ ഗതാഗതക്കുരുക്കേറും എന്നുറപ്പാണ്.
തലസ്ഥാന നഗരിയിൽ ഗതാഗത കുരുക്ക് രൂക്ഷമായി തുടരുകയാണ്. അതിനിടെയാണ് മോഡൽ സ്‌കൂൾ ജംഗ്ഷൻ മുതൽ തമ്പാനൂർ സ്റ്റാൻഡ് വരെയുള്ള റോഡ് അടച്ചിടുന്നത്. ഈ റോഡിന്റെ മധ്യഭാഗത്തൂടെയാണ് മാൻഹോൾ ഉള്ളത്. അതുകൊണ്ട് തന്നെ മാൻഹോൾ നവീകരിക്കണമെങ്കിൽ റഓഡ് അടച്ചിടുകയല്ലാതെ നിവൃത്തിയില്ല.
നിരവധി ടൂറിസ്റ്റ് ബസുകളുടേയും ദീർഘദൂര ബസുകളുടേയും പാർക്കിംഗ് കേന്ദ്രങ്ങൾ, കൊറിയർ സർവീസ് കേന്ദ്രങ്ങൾ, ഹോട്ടലുകൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന പ്രദേശമാണ് ഇത്. നവീകരണ പ്രവർത്തനം പൂർത്തിയാക്കി ജനുവരി 4ന് റോഡ് തുറന്നു നൽകുമെന്നാണ് അധികൃതർ അറിയിക്കുന്നത്.