Monday, January 6, 2025
Kerala

ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയം; പ്രത്യേക ക്യൂ സജ്ജീകരിച്ചിട്ടില്ല

ശബരിമലയിൽ തീർഥാടകരുടെ തിരക്ക് നിയന്ത്രണ വിധേയമാകുന്നു. ഇന്ന് 90287 പേരാണ് ദർശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്. തീർഥാടന പാതകളിലും ശബരിമലയിലെ വിവിധ സ്ഥലങ്ങളിലും നടപ്പാക്കിയ മാറ്റങ്ങൾ ഫലപ്രദേമായതോടെയാണ് തിരക്ക് നിയന്ത്രിക്കാനായത്.

കഴിഞ്ഞ ദിവസങ്ങളിലെ അപേക്ഷിച്ച് ഇന്ന് തിരക്ക് കുറഞ്ഞു. കുട്ടികൾക്കും പ്രായമേറിയവർക്കുമായി പ്രത്യേക ക്യു സജ്ജീകരിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല. അടുത്ത ദിവസം മുതൽ തിരക്ക് കൂടുന്ന സാഹചര്യം ഉണ്ടായാൽ കൂടുതൽ പോലീസുകാരെ പമ്പ മുതൽ സന്നിധാനം വരെ വിന്യസിക്കും. രണ്ടുദിവസമായി മഴ മാറി നിൽക്കുന്നതിനാൽ തീർഥാടനത്തിന് അനുകൂല അന്തരീക്ഷമാണ്. ക്രിസ്‌മസ്‌ അവധി വരുന്ന സാഹചര്യത്തിൽ ഇനി തിരക്ക് വർധിപ്പിക്കാനാണ് സാധ്യത.

വെർച്യുൽ ക്യൂ ബുക്കിംഗിലൂടെ എത്തിയവരടക്കം 80,000 ത്തോളം ഭക്തരാണ് ഇന്നലെ ദർശനം നടത്തിയത്. ശബരിമലയിലെത്തുന്ന മുഴുവൻ തീർത്ഥാടകരെയും മരക്കൂട്ടത്ത് നിന്നും ശരംകുത്തി വഴിയാണ് കഴിഞ്ഞ ദിവസം വരെ കടത്തിവിട്ടിരുന്നത്. ഇത് മണിക്കൂറുകൾ നീണ്ട ക്യൂവിനും ഇടയാക്കിയതെന്നാണ് ദേവസ്വം ബോർഡിൻറെയും പൊലീസിൻറെയും അനുമാനം. പതിനെട്ടാം പടിയിൽ തീർഥാടകരെ കടത്തിവിടുന്നത് വേഗത്തിലാക്കിയതും ചന്ദ്രാനന്ദന് റോഡു തുറന്ന് നല്കിയതും ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

അതേസമയം ശബരിമലയിൽ നിലവിലെ പൊലീസുകാർ മാറി 1,335 പേരടങ്ങുന്ന പുതിയ ബാച്ച് ഇന്ന് ചുമതലയേൽക്കും. ഈ സംഘത്തിൻറെ പ്രവർത്തനം കൂടി മെച്ചപ്പെട്ടാൽ തീർഥാടന കാലത്തെ തിരക്ക് പൂർണമായും നിയന്ത്രിക്കാനാകുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അനുമാനം.

Leave a Reply

Your email address will not be published. Required fields are marked *