ജനുവരി ഒന്നുമുതൽ സംസ്ഥാനത്ത് മദ്യവില കൂടും
സംസ്ഥാനത്ത് മദ്യവില കൂടും. മദ്യത്തിന്റെ വിൽപന നികുതി വർധിപ്പിക്കാനുള്ള ബില്ലിൽ ഗവർണർ ഒപ്പുവച്ചു. ജനുവരി ഒന്നുമുതലാണ് മദ്യവില കൂടുക. വിൽപന നികുതി 4 ശതമാനം വർധിക്കും.
2021 ഫെബ്രുവരിയിലാണ് സംസ്ഥാനത്ത് അവസാനമായി മദ്യ വില വർധിപ്പിച്ചത്. ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതൽ 90 രൂപ വരെയാണ് അന്ന് വർധിച്ചത്. അടിസ്ഥാന വിലയിൽ 7 ശതമാനം വർധനയാണ് സർക്കാർ വരുത്തിയത്.
ഒരു കുപ്പി മദ്യത്തിന് 40 രൂപ വർധിക്കുമ്പോൾ 35 രൂപ വിവിധ നികുതി ഇനങ്ങളിലായി സർക്കാരിന് ലഭിക്കുന്ന തരത്തിലായിരുന്നു വർധന. 4 രൂപ മദ്യക്കമ്പനികൾക്കും ഒരു രൂപ ബെവ്കോയ്ക്കും ലഭിക്കും. കഴിഞ്ഞ വർഷം വർധനവു വന്നതോടെ വിദേശ മദ്യ നിർമാതാക്കളിൽനിന്നു 100 രൂപയ്ക്കു വാങ്ങുന്ന മദ്യത്തിന് നികുതിയും ലാഭവും ഉൾപ്പെടെ വിൽപന വില 1170 രൂപയായി. അതിൽ 1049 രൂപ സർക്കാരിനും 21 രൂപ ബെവ്കോയ്ക്കുമാണ്. മുൻപ് കോവിഡ് സെസ് ഏർപ്പെടുത്തിയപ്പോഴും മദ്യവില വർധിച്ചിരുന്നു.