മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കും
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. ഈ മാസം അവസാന വാരത്തോടെ കാസര്‍ഗോഡ് സി.ജെ.എം കോടതിയില്‍ കുറ്റപത്രം നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കേസില്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പടെ ആറ് ബിജെപി നേതാക്കളാണ് പ്രതികള്‍.
സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവിയുടെ അനുമതി ലഭിച്ചതോടെ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിക്കാനാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ നീക്കം. അന്വേഷണം ആരംഭിച്ച് പതിനാറ് മാസത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്. കെ.സുരേന്ദ്രന് പുറമെ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായക്, ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണഷെട്ടി, പ്രാദേശീക നേതാക്കളായ സുരേഷ് നായക്, കെ. മണികണ്ഠറൈ, ലോകേഷ് നോഡ തുടങ്ങിയവരും കേസില്‍ പ്രതികളാണ്.
കെ.സുരേന്ദ്രനെതിരെ പട്ടികജാതി/പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ വകുപ്പ് കൂടി ചേര്‍ത്ത് ക്രൈംബ്രാഞ്ച് നേരത്തെ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കെ.സുന്ദരയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും രണ്ടര ലക്ഷം രൂപ കോഴയായി നല്‍കിയെന്നുമാണ് കേസ്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന വി.വി രമേശന്‍ നല്‍കിയ പരാതിയില്‍ ലോക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു