ദയാബായി നടത്തുന്ന സമരത്തെ പരിഹസിച്ച സി.എച്ച് കുഞ്ഞമ്പുവിൻ്റേത് മാടമ്പിയുടെ ഭാഷ: യുവമോർച്ച
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എൻഡോസൾഫാൻ ദുരിതബാധിതരും ദയാബായിയും നടത്തുന്ന സത്യാഗ്രഹസമരത്തെ പരിഹസിക്കുന്ന തരത്തിൽ പരാമർശം നടത്തിയ ഉദുമ എംഎൽഎ സി.എച്ച് കുഞ്ഞമ്പുവിൻെറ പരാമർശം മാടമ്പിയെ അനുസ്മരിപ്പിക്കുന്നതാണെന്ന് യുവമോർച്ച.’എത്ര പൈസ കിട്ടിയാലും മതി വരില്ല ചിലർക്ക്’ എന്ന പ്രസ്താവന തങ്ങളുടെതല്ലാത്ത കാരണത്താൽ ദുരിതമനുഭവിക്കുന്ന എൻഡോസൾഫാൻ രോഗബാധിതരുടെ കുടുംബങ്ങളെ കൂടുതൽ വേദനിപ്പിക്കുന്നതാണ്. എൻഡോൾഫാൻ ദുരിത ബാധിതരോടുള്ള പിണറായി സർക്കാരിൻ്റെ മനോഭാവം വ്യക്തമാക്കുന്നതാണ് സി.എച്ച് കുഞ്ഞമ്പുവിൻ്റെ പരാമർശം. ഇത് നാക്ക് പിഴയായി കാണാൻ കഴിയില്ലെന്നും യുവമോർച്ച വ്യക്തമാക്കി.
പിണറായി സർക്കാർ അധികാരത്തിലേറിയതിന് ശേഷമാണ് കാസർഗോഡ് ഗവ: മെഡിക്കൽ കോളജ് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലായത് എന്ന പരമാർശം അത്യധികം പരിഹാസ്യമാണ്. പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് മുന്നണിയാണ് 2016 മുതൽ കേരളം ഭരിക്കുന്നത്. ഒരു പ്രൊജക്ട് 6 വർഷം കൊണ്ട് പോലും പൂർത്തിയാക്കാൻ കഴിയാത്തവരാണ് കേരള മോഡലിനെ കുറിച്ച് ലോകം മൊത്തം ടൂർ നടത്തി വീമ്പിളക്കുന്നതെന്ന് യുവമോർച്ച പരിഹസിച്ചു.
അറുപതോളം കിലോമീറ്റർ സഞ്ചരിച്ച് മംഗലാപുരത്തെയും പരിയാരത്തെയും മെഡിക്കൽ കോളജുകളിൽ എത്തി ചികിത്സ തേടാനുള്ള ബുദ്ധിമുട്ടും സാമ്പത്തിക പ്രയാസങ്ങളും കാരണമാണ് കാസർഗോഡ് ജില്ലയിൽ എത്രയും പെട്ടെന്ന് എയിംസ് അനുവദിക്കണം എന്ന ആവശ്യത്തിന് പിന്നിൽ. അമേരിക്ക ഉൾപ്പെടെയുള്ള ‘ മുതലാളിത്ത ‘ ബൂർഷ്വാ രാജ്യങ്ങളിൽ ചികിത്സയ്ക്കായി പറക്കാൻ ശേഷിയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾക്കും സംസ്ഥാന മന്ത്രിമാർക്കും എൻഡോസൾഫാൻ രോഗികളുടെ ദുരിതവും കഷ്ടപ്പാടും പ്രയാസങ്ങളും മനസിലാകില്ല. ജനദ്രോഹ നയങ്ങൾ തുടർന്നാൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ബംഗാൾ ഘടകത്തിൻ്റെ ഗതി വന്നു ചേരുമെന്ന് ഈ സമയത്ത് ഓർമ്മിപ്പിക്കുകയാണെന്ന് യുവമോർച്ച പറഞ്ഞു.