ബാങ്ക് തട്ടിപ്പ് കേസ് പ്രതിയുടെ സഹോദരന്റെ വീട്ടിൽ നോട്ട് കൂമ്പാരം: 6 കോടി പിടിച്ചെടുത്തു
ബാങ്ക് വായ്പയുടെ പേരിൽ തട്ടിപ്പ് നടത്തിയ വ്യവസായി ശൈലേഷ് പാണ്ഡെയുടെ സഹോദരൻ അരവിന്ദ് പാണ്ഡെയുടെ വീട്ടിൽ നിന്ന് 5.96 കോടി രൂപ കൊൽക്കത്ത പൊലീസ് കണ്ടെടുത്തു. കേസിൽ കൊൽക്കത്ത പൊലീസ് നടത്തുന്ന രണ്ടാമത്തെ വീണ്ടെടുപ്പാണിത്. രണ്ട് ദിവസം മുമ്പ് ശൈലേഷ് പാണ്ഡെയുടെ വസതിയിൽ നിന്ന് രണ്ട് കോടി രൂപ പൊലീസ് കണ്ടെടുത്തു. പിന്നാലെ 20 കോടി രൂപ നിക്ഷേപിച്ച രണ്ട് ബാങ്ക് അക്കൗണ്ടുകളും സീൽ ചെയ്തു.
കൊൽക്കത്ത പൊലീസിന്റെയും ഹൗറ സിറ്റി പൊലീസിന്റെയും സംയുക്ത സംഘം ഞായറാഴ്ച രാത്രി ഹൗറ ജില്ലയിലെ അരവിന്ദ് പാണ്ഡെയുടെ വസതിയിൽ റെയ്ഡ് നടത്തിയതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. പുലർച്ചെ ഒരു മണിയോടെ ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ ആരും ഉണ്ടായിരുന്നില്ല. പൂട്ട് പൊളിച്ച് വീട്ടിൽ കയറി പരിശോധന നടത്തി. പിന്നീട് ഒരു പെട്ടിയിൽ നിന്ന് 5.96 കോടി രൂപ കണ്ടെടുത്തു. ഇതിനുപുറമെ സ്വർണാഭരണങ്ങൾ, ലാപ്‌ടോപ്പ്, വാഹനം, ബാങ്ക് രേഖകളും പിടിച്ചെടുത്തു.
അരവിന്ദ് പാണ്ഡെ ഒളിവിലായതിനാൽ സിറ്റി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ട് അക്കൗണ്ടുകളിൽ നിന്നും വൻതുക ഇടപാടുകൾ നടന്നതായി ഒരു സ്വകാര്യ ബാങ്കിന്റെ ശാഖയിലെ ഉദ്യോഗസ്ഥർ രേഖാമൂലം പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഈ വർഷം ജൂലൈ മുതൽ സംസ്ഥാനത്ത് വൻതുക പണവും സ്വർണവും കണ്ടെടുത്തു. പശ്ചിമ ബംഗാൾ സ്‌കൂൾ സർവീസ് കമ്മീഷൻ റിക്രൂട്ട്‌മെന്റ് ക്രമക്കേട് അഴിമതിയിലും മൊബൈൽ ഗെയിമിംഗ് ആപ്പ് തട്ടിപ്പ് കേസിലും അധികൃതർ നിരവധി റെയ്ഡുകൾ നടത്തിയിട്ടുണ്ട്.