ഗവര്‍ണറുമായി സര്‍ക്കാര്‍ യുദ്ധത്തിനില്ല; മന്ത്രി കെ രാജന്‍
ഗവര്‍ണറുമായി യുദ്ധത്തിനില്ലെന്ന നിലപാടുമായി മന്ത്രി കെ രാജന്‍.ഗവര്‍ണര്‍ ആരിഫ് മുഹമ്മദുമായി യുദ്ധം ചെയ്യാന്‍ സര്‍ക്കാരിന് താത്പര്യമില്ല. മുഖ്യമന്ത്രി പറയുന്നത് സര്‍ക്കാര്‍ നിലപാടാണ്. ഗവര്‍ണര്‍ക്ക് പറയാനുള്ളത് അദ്ദേഹം പറയട്ടെ. ആരും ഭരണഘടനാ അതിരുകള്‍ ലംഘിക്കരുതെന്ന് എന്നും റവന്യുമന്ത്രി വിഷയത്തില്‍ നിലപാട് വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ശീതയുദ്ധം തുടരുന്നതിനിടെയാണ് മന്ത്രിമാരുടെ പ്രസ്താവനകള്‍. ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഇന്ന് രംഗത്തെത്തി.
ഗവര്‍ണര്‍ സര്‍ക്കാരിനും സര്‍വകലാശാലക്കുമെതിരെ തെറ്റായ പ്രചാരവേല നടത്തുന്നു. ജനങ്ങളുടെ കണ്‍മുന്നിലുള്ള കാര്യങ്ങള്‍ ഗവര്‍ണര്‍ വളച്ചൊടിക്കുകയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഗവര്‍ണര്‍ പദവിയോട് ആദരവ് കാണിക്കാറുണ്ട്, പക്ഷെ പദവിക്ക് നിരക്കാത്ത സമീപനം ഗവര്‍ണറില്‍ നിന്ന് ഉണ്ടാകുന്നു. ഗവര്‍ണര്‍ പദവിയിലിരുന്ന് കാണിക്കേണ്ട സമചിത്തത കാണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.