Sunday, April 13, 2025
Kerala

ഗവർണർക്ക് സമചിത്തതയില്ല, പറയുന്നത് ലോകത്താരും വിശ്വസിക്കാത്ത കാര്യം; എം.വി ഗോവിന്ദന്‍

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമ‍ർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണർ സർക്കാരിനും സർവകലാശാലക്കുമെതിരെ തെറ്റായ പ്രചാരവേല നടത്തുന്നു. ജനങ്ങളുടെ കൺമുന്നിലുള്ള കാര്യങ്ങൾ ഗവർണർ വളച്ചൊടിക്കുകയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഗവർണർ പദവിയോട് ആദരവ് കാണിക്കാറുണ്ട്, പക്ഷെ പദവിക്ക് നിരക്കാത്ത സമീപനം ഗവർണറിൽ നിന്ന് ഉണ്ടാകുന്നു. ഗവർണർ പദവിയിലിരുന്ന് കാണിക്കേണ്ട സമചിത്തത കാണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

കണ്ണൂർ സർവകലാശാലയിൽ ഗവർണർക്കെതിരെ വധശ്രമം ഉണ്ടായെന്ന ആരോപണവും എം വി ഗോവിന്ദൻ തള്ളി. പൗരത്വ ദേഭഗതി സെമിനാറിലെ പ്രതിഷേധം പൊടുന്നനെ ഉണ്ടായതാണ്. ഗവർണർ പറയുന്നത് ലോകത്ത് ആരും വിശ്വസിക്കാത്ത കാര്യമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സിപിഐഎമ്മിനെയും എസ്‍എഫ്ഐയേയും പരോക്ഷമായി ഗവര്‍ണര്‍ കടന്നാക്രമിക്കുകയാണെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

ചരിത്ര കോൺഗ്രസിലെ പ്രതിഷേധത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടായിട്ടില്ല. പൊടുന്നനെയുണ്ടായ പ്രതിഷേധമാണ് ചരിത്ര കോൺഗ്രസിൽ സംഭവിച്ചത്. അന്ന് നടന്ന സംഭവങ്ങളെല്ലാം ജനങ്ങൾ കണ്ടതാണ്. ഇർഫാൻ ഹബീബ് വധശ്രമം നടത്തിയെന്ന് പറഞ്ഞാൽ ആര് വിശ്വസിക്കും. യുണിവേഴ്സിറ്റിക്കും സർക്കാറിനുമെതിരെ ഗവർണർ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *