Wednesday, April 9, 2025
Kerala

ഗവര്‍ണറുടേത് കൈവിട്ട കളി, നിലപാടുകൾ ദുരൂഹവും ജനാധിപത്യവിരുദ്ധവും; കോടിയേരി ബാലകൃഷ്ണൻ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശവുമായി സിപിഐഎം. ഗവര്‍ണര്‍ കൈവിട്ട കളി കളിക്കുകയാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. രാജ്യത്തെ ഏക ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബോധപൂര്‍വമായ നീക്കം നടക്കുന്നതായും എന്ത് വില കൊടുത്തും സര്‍ക്കാരിനെ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാടില്ലാത്ത തരത്തിലുള്ള ഇടപെടലാണ് ഗവര്‍ണര്‍ നടത്തുന്നത്. നിലപാട് ദുരൂഹവും ജനാധിപത്യവിരുദ്ധവുമാണ്. ഗവര്‍ണറുടെ അഭിപ്രായങ്ങളോട് സിപിഐഎം പരസ്യമായി ഒന്നും പറഞ്ഞിട്ടില്ല. കടുത്ത നിലപാടിലേക്ക് ഗവര്‍ണര്‍ വന്നത് ഇപ്പോഴാണ്. അതുകൊണ്ടാണ് പരസ്യമായി അഭിപ്രായം പറയുന്നത്. സര്‍ക്കാരും ഗവര്‍ണറും യോജിച്ചു പോകേണ്ട ഭരണഘടനാ സ്ഥാപനങ്ങളാണെന്നും, അങ്ങനെയുള്ള പ്രവര്‍ത്തനമല്ല ഗവര്‍ണറുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്രത്തിന്റെ നിലപാടുകള്‍ക്കെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. മാധ്യമങ്ങള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തമസ്‌കരിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. സര്‍ക്കാര്‍ നേട്ടം ജനങ്ങളില്‍ എത്തിക്കാന്‍ ശക്തമായ പരിപാടികള്‍ സംഘടിപ്പിക്കും. തുടര്‍ഭരണത്തിന് കാരണമായ പ്രധാനഘടകം സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളായിരുന്നു. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങൾ സ്തംഭിപ്പിക്കാനുള്ള നടപടികളാണ് പ്രതിപക്ഷം നടത്തുന്നത്.

ഇക്കാര്യത്തില്‍ കേന്ദ്രത്തിലെ ബിജെപി ഭരണം ഉപയോഗപ്പെടുത്തിയുള്ള ഇടപെടലുകള്‍ നടത്തുന്നു. കേന്ദ്രത്തിന്റെ ഈ നിലപാടുകള്‍ കേരളത്തിലെ കോണ്‍ഗ്രസിന് അനുകൂലമായാണ് വരുന്നത്. മുഖ്യമന്ത്രിക്കെതിരെ സവിശേഷമായ ആക്രമണമാണ് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു. കിഫ്‌ബിയുടെ പ്രവര്‍ത്തനത്തെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതും തകര്‍ക്കപ്പെട്ടാല്‍ വികസനം മുന്നോട്ട് പോകാതെ ശ്വാസം മുട്ടുന്ന അവസ്ഥയാണുണ്ടാവുക. തോമസ് ഐസക്കിനെതിരായി നോട്ടീസ് അയക്കാനുള്ള ഇഡി തീരുമാനം എന്തിനായിരുന്നു എന്നും വ്യക്തമായി. കേന്ദ്രം ബോധപൂര്‍വ്വം ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നു.

എന്നാല്‍ ഐസക് വിഷയത്തില്‍ ഹൈക്കോടതി വ്യക്തമായ നിലപാട് സ്വീകരിച്ചു. ഇത് ഇഡിയുടെ നീക്കത്തിനുള്ള തിരിച്ചടിയാണ്. ആരെയും എന്തും ചെയ്യുന്ന രീതിയാണ് ഇഡി നടത്തുന്നത്- അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് മേയറുടെ വിഷയത്തില്‍ നടപടി തെറ്റെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി പറഞ്ഞിട്ടുണ്ട്. മേയറും അത് അംഗീകരിച്ചുവെന്നും കോടിയേരി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *