പെരുവണ്ണാമുഴി കേസ്: നാസര്‍ മടങ്ങിയത് ഇര്‍ഷാദ് കൊല്ലപ്പെട്ടെന്ന് ഉറപ്പാക്കിയ ശേഷം; നിര്‍ണായക തെളിവുകള്‍ പൊലീസിന്
ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക തെളിവുകള്‍ പൊലീസിന്. തട്ടിക്കൊണ്ടുപോയ സ്വര്‍ണക്കടത്ത് സംഘം ഇര്‍ഷാദിന് കഞ്ചാവ് നല്‍കിയതായി പൊലീസ് കണ്ടെത്തി. സ്വര്‍ണം കണ്ടെത്തുന്നതിനായിരുന്നു കഞ്ചാവ് നല്‍കിയത്. കൊടുവള്ളി സ്വദേശി ജിനാഫാണ് ഇര്‍ഷാദിന് കഞ്ചാവ് കൊടുത്തത്.
പന്തീക്കര സ്വദേശി ഇര്‍ഷാദിനെ സംഘത്തലവന്‍ നാസറിന് മുന്നില്‍ എത്തിക്കാന്‍ ശ്രമം നടന്നെന്നും പൊലീസ് കണ്ടെത്തി. ഇര്‍ഷാദ് കൊണ്ടുവന്ന സ്വര്‍ണം തട്ടിയത് ഷമീറാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോയശേഷം ഇര്‍ഷാദിനെ നാസര്‍ നേരില്‍ കണ്ടെന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് പറയുന്നു. ഇര്‍ഷാദ് കൊല്ലപ്പെട്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് മുഖ്യപ്രതി നാസര്‍ ദുബായിലേക്ക് പോയതെന്നും അന്വേഷണസംഘം കണ്ടെത്തി.
കൊടുവള്ളി സ്വദേശി നാസറിന്റെ ആളുകള്‍ ഇര്‍ഷാദിന്റെ സംഘവുമായി രഹസ്യ ചര്‍ച്ച നടത്തിയതിന്റെ തെളിവുകള്‍ മുന്‍പ് തന്നെ പൊലീസിന് ലഭിച്ചിരുന്നു. സ്വര്‍ണം നല്‍കിയാല്‍ വിഹിതം കൊടുത്തു പ്രശ്‌നം തീര്‍ക്കാന്‍ നീക്കം നടന്നെന്നായിരുന്നു പൊലീസ് മുന്‍പ് സംശയിച്ചിരുന്നത്. ദുബായ് ടീമിനു വേണ്ടി കൊടുവള്ളി ഗാങ് ഇടപെടുന്നതായും പൊലീസ് മുന്‍പ് കണ്ടെത്തിയിരുന്നു.