സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയ യുവാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി
മലപ്പുറം:സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയ യുവാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി.എടപ്പാള്‍ പന്താവൂരിൽ യുവാവിന്റെ മൃതദേഹാവശിഷ്ടം മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നും കണ്ടെത്തി. സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് പൂക്കരത്തറ സെന്‍ററിലെ കെട്ടിടത്തിനു സമീപമുളള കിണറ്റില് മൃതദേഹം കണ്ടെത്തിയത്.എടപ്പാൾ പൂക്കരത്തറയിലെ കിണറ്റിൽ നിന്നാണ് മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. മൃതദേഹം ഇർഷാദിന്റേതാണോ എന്ന് സ്ഥിരീകരിക്കാൻ തുടർ പരിശോധനകൾ നടത്തും. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
ശനിയാഴ്ച ഒമ്പതുമണിക്കൂർ നീണ്ട തെളിവെടുപ്പിനൊടുവിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല. കിണറ്റില്‍ വലിയ അളവിൽ മാലിന്യമുള്ളതിനാലാണ് മൃതദേഹം കണ്ടെത്താൻ വൈകിയത്. പൊലീസും ഫയര്‍ഫോഴ്സും തൊഴിലാളികളും ചേര്‍ന്ന് കിണറ്റില്‍നിന്ന് മാലിന്യം നീക്കിയാണ് തിരച്ചിൽ നടത്തിയത്.
എടപ്പാള്‍ പന്താവൂര്‍ സ്വദേശിയായ കിഴക്കേ വളപ്പില്‍ ഹനീഫയുടെ മകന്‍ ഇര്‍ഷാദിനെയാണ് (25) കാണാതായത് . സുഹൃത്തുക്കളായ അധികാരിപ്പടി വീട്ടില്‍ സുഭാഷ് (35), മേനോംപറമ്ബില്‍ എബിന്‍ (27) എന്നിവരെ ചോദ്യം ചെയ്തതില്‍നിന്ന് കൊലപാതകം ആണെന്ന് തെളിയുകയായിരുന്നു. മൃതദേഹം പൊട്ടക്കിണറ്റില്‍ തള്ളിയതാണെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് മൃതദേഹത്തിനായുള്ള തിരച്ചിൽ നടത്തിയത്. പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ആന്തരിക അവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയയ്ക്കും
പഞ്ചലോഹ വിഗ്രഹം നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഇര്‍ഷാദില്‍നിന്ന് 6.5 ലക്ഷം രൂപ കൈപ്പറ്റിയതായി പ്രതികള്‍ മൊഴി നല്‍കി. വിഗ്രഹം നല്‍കാത്തതിനാല്‍ പണം തിരിച്ചുചോദിക്കുമോയെന്ന ആശങ്കയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. പ്രതികള്‍ വാടകയ്ക്ക് താമസിക്കുന്ന വട്ടംകുളത്തെ ക്വാര്‍ട്ടേഴ്സില്‍ എത്തിയ ഇര്‍ഷാദിനെ പൂജയുടെ ഭാഗമെന്ന് വിശ്വസിപ്പിച്ച് ഇര്‍ഷാദിന്റെ കണ്ണും കൈകളും കെട്ടി ഇരുമ്ബ് വടി ഉപയോഗിച്ച് തലക്ക് പുറകില്‍ അടിച്ചുവീഴ്ത്തുകയായിരുന്നു