Tuesday, January 7, 2025
Kerala

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കോടതി സാധൂകരിക്കുന്നു; വനിതാ കമ്മീഷൻ

സ്ത്രീകൾക്കെതിരായ ഹീനമായ അതിക്രമങ്ങൾ സാധൂകരിക്കുന്ന കോടതി നിലപാട് ആശങ്കയുണർത്തുന്നതായി വനിതാ കമ്മീഷൻ. വസ്ത്രധാരണം പോലെ വൈയക്തികമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അതിക്രമങ്ങൾ സാധൂകരിക്കുന്നത്. പീഡനക്കേസിൽ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച കോടതി ഉത്തരവ് നിർഭാഗ്യകരമാണെന്നും അധ്യക്ഷ പി സതീദേവി പറഞ്ഞു.

“പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നതായി ജാമ്യാപേക്ഷയ്‌ക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ സെക്ഷൻ 354 എ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ല” എന്നാണ് ഉത്തരവിൽ പറയുന്നത്. ജാമ്യം നൽകുന്ന വേളയിൽ ജാമ്യത്തിനായുള്ള സാഹചര്യങ്ങൾ പരിഗണിക്കുക എന്നതിലുപരി കേസ് നിലനിൽക്കുന്നതല്ല എന്ന് തീർപ്പാക്കി ജാമ്യം നൽകുന്നത് ഒരുകാരണവശാലും അംഗീകരിക്കാനാവില്ല. തെളിവുകൾ ഹാജരാക്കി വിചാരണ നടക്കുന്നതിനു മുൻപു തന്നെ ഇത്തരം പരാമ‍ർശങ്ങൾ നടത്തുന്നതു വഴി ഫലത്തിൽ പരാതിക്കാരിയുടെ ആരോപണങ്ങളെ തള്ളിക്കളയുകയാണ് കോടതി ചെയ്യുന്നത്.

ഇത് ലൈംഗികാതിക്രമം പോലെ ഗൗരവകരമായ കേസുകളിൽ വളരെ തെറ്റായ സന്ദേശമാണ് നൽകുന്നത്. ഗുജറാത്ത് വംശഹത്യാ കാലത്തു നടന്ന ബിൽക്കിസ് ബാനു കേസിലെ പ്രതികളെ മുഴുവനായും വെറുതേ വിട്ടു കൊണ്ടുള്ള ഗുജറാത്ത് സർക്കാർ നടപടിയെക്കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കെയാണ് ഇങ്ങ് കേരളത്തിലും ഇത്തരമൊരു സംഭവം നടന്നിരിക്കുന്നത്. രാജ്യത്തെ സ്ത്രീസമൂഹത്തിന് ആശങ്കയുണർത്തുന്ന ഇത്തരം നടപടികളിൽ ഒരു വീണ്ടുവിചാരം അത്യാവശ്യമാണെന്നും സതീദേവി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *