താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഷാഫിയെ കണ്ടെത്തിയെന്ന് പോലീസ്
താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയായ ഷാഫിയെ കണ്ടെത്തിയെന്ന് പൊലീസ്. താമരശ്ശേരി ഡിവൈഎസ്പിയാണ് ഷാഫിയെ കണ്ടെത്തിയ കാര്യം സ്ഥിരീകരിച്ചത്. ഷാഫിയെ കേരളത്തിന് പുറത്ത് വച്ച് കണ്ടെത്തിയെന്ന് ഡിവൈഎസ്പി പറഞ്ഞു.
അതേസമയം, കേസിൽ മറ്റ് നാലുപേരുടെ അറസ്റ്റ് പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇവർക്ക് തട്ടിക്കൊണ്ടു പോകലുമായി ബന്ധമുണ്ടെന്നാണ് പോലീസ് വിശദീകരണം. പൊലീസ് കസ്റ്റഡിയിലായിരുന്ന വയനാട് സ്വദേശിയുടെയും മഞ്ചേശ്വരം സ്വദേശികളായ മൂന്നുപേരുടെയും അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതിൽ വയനാട് സ്വദേശി അക്രമി സംഘത്തിന് വാഹനം വാടകക്ക് നൽകുകയായിരുന്നു. മറ്റു മൂന്നു പേരും ഷാഫിയെ തട്ടിക്കൊണ്ടു പോയ കാറിൽ, സംഭവത്തിന് മുമ്പ് താമരശ്ശേരിയിലും പരിസരത്തും എത്തിയിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. ഷാഫിയുടെ വീടും പരിസരവും നിരീക്ഷിക്കുന്നതിനും പ്രദേശത്തെ സാഹചര്യം വിലയിരുത്തുന്നതിനുമാണ് ഇവർ എത്തിയതെന്നാണ് പോലീസ് നൽകുന്ന വിവരം.
പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങളിൽ നിന്നാണ് ഇവരുടെ സാന്നിധ്യം പോലീസ് ഉറപ്പിച്ചത്. ഇവർ എത്തിയ വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇസ്മായിൽ ആസിഫ്, ഹുസൈൻ, മുഹമ്മദ് നൗഷാദ്, അബ്ദുറഹ്മാൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. തട്ടിക്കൊണ്ടുപോകലിൽ നേരിട്ട് ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തുന്ന ആദ്യ അറസ്റ്റ് ആണിത്. ഷാഫിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിന്റെ പേരിൽ രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് തട്ടിക്കൊണ്ടു പോകലിൽ പങ്കില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.