താമരശ്ശേരി തട്ടിക്കൊണ്ടുപോകൽ: കസ്റ്റഡിയിലായിരുന്ന നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി
താമരശ്ശേരി തട്ടിക്കൊണ്ടുപോകൽ കേസിൽ കസ്റ്റഡിയിലായിരുന്ന നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇസ്മായിൽ ആസിഫ്, ഹുസൈൻ, മുഹമ്മദ് നൗഷാദ്, അബ്ദുറഹ്‌മാൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഷാഫിയെ തട്ടിക്കൊണ്ടു പോയ സംഘവുമായി ഇവർക്ക് നേരിട്ടു ബന്ധമുണ്ടെന്നാണ് സൂചന. തട്ടിക്കൊണ്ടു പോകുന്നതിന് മുമ്പ് ഇവർ താമരശ്ശേരിയിലും ഷാഫിയുടെ വീടിന്റെ പരിസരത്തും എത്തിയിരുന്നു. ഷാഫിയെ തട്ടിക്കൊണ്ടു പോയ കാറിലായിരുന്നു ഇവർ എത്തിയത്. ഇത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവത്തിൽ അന്വേഷണം രവി പൂജാരിയുടെ സംഘത്തിലേക്കെത്തിയിരുന്നു. രവി പൂജാരിയുടെ സംഘത്തിലുള്ള മോനായി എന്ന നിസാം സലീമിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. മംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ ഗ്യാങ്ങാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഷാഫിയുടെ തട്ടിക്കൊണ്ടു പോകലുമായി ബന്ധപ്പെട്ട് ഉത്തരം കിട്ടാതിരുന്ന രണ്ട് ചോദ്യങ്ങളായിരുന്നു ആര്, എവിടേക്ക് എന്നത്. ഇതിലാണ് നിലവിൽ വ്യക്തത കൈവന്നത്. നേരത്തെ അജ്ഞാത കേന്ദ്രത്തിലുള്ള ഷാഫിയുടെ രണ്ട് വീഡിയോ സന്ദേശങ്ങൾ പുറത്തു വന്നതും സംഘത്തിന്റെ താൽപര്യ പ്രകാരമെന്ന് വ്യക്തമായിട്ടുണ്ട്.
അതേസമയം, ബ്യൂട്ടി പാർലർ വെടിവയ്പു കേസിലെ പിടികിട്ടാപ്പുള്ളിയാണ് നിസാം സലിം എന്ന വിവരവും പുറത്തു വരുന്നുണ്ട്. അറസ്റ്റ് ഭയന്ന് ഇയാൾ മുൻപ് വിദേശത്തേക്ക് കടന്നിരുന്നു. വിദേശത്തുനിന്നാണ് കൊട്ടേഷൻ സംഘത്തെ നിയന്ത്രിക്കുന്നത് എന്നാണ് വിവരം. കോട്ടയം സ്വദേശിയായ നിസാം സലിമിന്റെ ഗ്യാങ്ങ് മംഗളൂരു കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. കേസിൽ മംഗളുരുവിലേക്ക് പോലീസ് അന്വേഷണം നീട്ടിക്കഴിഞ്ഞു.
താമരശ്ശേരി തട്ടിക്കൊണ്ടു പോകലിൽ മുഹമ്മദ് ഷാഫിയുടെ പുറത്ത് വന്ന വീഡിയോയിൽ പറയുന്ന കാര്യങ്ങൾ തോക്കിൻ മുനയിൽ പറയിപ്പിക്കുന്നതാണെന്ന് സഹോദരൻ നൗഫലും, പിതാവ് അഹമ്മദ് കുട്ടിയും പ്രതികരിച്ചിരുന്നു. ഷാഫിയുമായി തങ്ങൾക്ക് യാതൊരു പ്രശ്നങ്ങളുമില്ലെന്നതാണ് സത്യം. ഷാഫിയെ തട്ടിക്കൊണ്ടു പോയ അന്നു മുതൽ പ്രതികളെ കണ്ടെത്താൻ ശ്രമിക്കുകയാണ്. തൻ്റെ കുടുംബം ഒന്നടങ്കം ഷാഫിയുടെ വീട്ടിലാണ്. വീഡിയോയിൽ പറഞ്ഞത് പോലെ സ്വർണം കടത്താൻ ഷാഫി കഴിഞ്ഞ 12 വർഷത്തിനിടക്ക് സൗദി അറേബ്യയിൽ പോയിട്ടില്ലെന്നും ഇക്കാര്യം പാസ്പോർട്ട് പരിശോധിച്ചാൽ ബോധ്യമാവുമെന്നും സഹോദരൻ നൗഫൽ പറയുന്നു.