കോഴിക്കോട് ദമ്പതികളെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ടു പേർ കസ്റ്റഡിയിൽ
കോഴിക്കോട് താമരശ്ശേരിയിൽ ദമ്പതികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സാമ്പത്തിക ഇടപാടാണ് തർക്കമാണ് കാരണമായതെന്ന് സൂചന. പണം നൽകുന്നില്ലെന്ന് ആരോപിച്ചു ഒരു സംഘം നേരത്തെ ഷാഫിക്കെതിരെ പരാതി നൽകിയിരുന്നു. ഒന്നരക്കോടി രൂപ ഷാഫിയിൽ നിന്ന് കിട്ടാൻ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഈ സംഘമാകാം തട്ടിക്കൊണ്ടു പോയത് എന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ചിലർ തന്നെ ഭീഷണിപ്പെടുത്തുന്നതായി ഷാഫിയും പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ പരാമർശിക്കുന്ന വ്യക്തിയെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പോലീസ് അന്വേഷണം. രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുന്നു.
താമരശ്ശേരി സ്വദേശികളായ പരപ്പൻപയിൽ ഷാഫി, ഭാര്യ സാനിയ എന്നിവരെയാണ് ആയുധധാരികളായ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. വീട്ടിൽ നിന്ന് കൊണ്ടുപോയ ഇവരിൽ സാനിയയെ വഴിയിൽ ഇറക്കിവിടുകയായിരുന്നു. ഷാഫിയെ വീട്ടിൽ നിന്ന് വാഹനത്തിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിച്ചതിനിടെ സാനിയ തടയുകയായിരുന്നു. ഇതോടെ തന്നെയും കാറിലേക്ക് വലിച്ചിടുകയായിരുന്നെന്ന് സാനിയ ട്വന്റിഫോറിനോട് പ്രതികരിച്ചു. ഡോർ അടയ്ക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. കുറച്ചുദൂരം പോയ ശേഷമാണ് തന്നെ വഴിയിൽ ഇറക്കിവിട്ടതെന്നും സംഘം മുഖംമൂടി ധരിച്ചിരുന്നെന്നും സാനിയ പറഞ്ഞു.
നാല് വർഷം മുൻപ് ഷാഫി ദുബായിൽ ബിസിനസ് നടത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട് ഇയാൾക്ക് വിദേശത്ത് ചില സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നു. ഒരു വർഷമായി ഷാഫി നാട്ടിൽതന്നെയാണ്. കൊടുവള്ളി സ്വദേശിയായ ഒരാൾ സാമ്പത്തിക ഇടപാടിന്റെ പേരിൽ വീട്ടിൽ വന്ന് ഇടയ്ക്കിടെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്നും വീട്ടുകാർ പറഞ്ഞു.