Friday, January 10, 2025
National

പുൽവാമ; സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തലിൽ മോദി സർക്കാർ മറുപടി പറയണമെന്ന് സിപിഐഎം

മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തലിൽ മോദി സർക്കാർ മറുപടി പറയണമെന്ന് സിപിഐഎം. പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ വിഷയമാണ്. രാജ്യ സുരക്ഷ സംരക്ഷിക്കുന്നതിൽ വീഴ്ചവരുത്തുന്നത് പൊറുക്കാനാകില്ല.അനുച്ഛേദം 370 റദ്ദാക്കിയതിലും, കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിലും ഉയർന്ന ആരോപണങ്ങളും ഗൗരവമുള്ളതാണെന്നും സിപിഐഎം കുറ്റപ്പെടുത്തി.

മോദി സർക്കാറിന്റെ മൗനം, ദേശ സുരക്ഷയ്ക്കും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ദേശ സുരക്ഷയും ഭരണഘടനാ താല്പര്യവും മുൻനിർത്തി, മോദി സർക്കാർ ആരോപണങ്ങളോട് പ്രതികരിക്കണം. വിഷയത്തിൽ സർക്കാരിന് മൗനം പാലിക്കാൻ ആകില്ലെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ വ്യക്തമാക്കി.

പുൽവാമ ഭീകരാക്രമണത്തിൽ സർക്കാരിനു വീഴ്ച സംഭവിച്ചു എന്ന് മുൻകരസേന മേധാവി ജനറൽ ശങ്കർ റോയ്‌ചൗധരിയും വെളിപ്പെടുത്തിയിരുന്നു. സംഭവത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം നരേന്ദ്രമോദി സർക്കാരിനാണ്. ഇന്റലിജൻസ് പരാജയത്തിന്റെ ഉത്തരവാദിത്വം ദേശീയ സുരക്ഷാ ഉപദേഷ്ടാവിനാണ് എന്നും അദ്ദേഹം വിമർശിച്ചു.

സൈനിക വാഹനങ്ങൾ പാക് അതിർത്തിയോട് ചേർന്നുള്ള ദേശീയപാതയിൽ യാത്ര ചെയ്യൻ പാടില്ലായിരുന്നു. സൈനികർ വിമാനത്തിൽ യാത്ര ചെയ്തിരുന്നെങ്കിൽ സംഭവം ഒഴിവാക്കാമായിരുന്നു. സംഭവിച്ചത് വലിയ തിരിച്ചടിയാണ്. ഇന്റലിജൻസ് പരാജയത്തിന്റെ ഉത്തരവാദിത്വം ദേശീയ സുരക്ഷാ ഉപദേഷ്ടാവിനാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുൻ ഗവർണർ സത്യപാൽ മാലിക്കിന്റ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.

പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുരക്ഷാ വീഴ്ച സംഭവിച്ചു എന്നാണ് സത്യപാൽ മാലിക് ആരോപിച്ചത്. ആ കാര്യം മിണ്ടരുതെന്ന് പ്രധാനമന്ത്രി മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തന്നോട് ആവശ്യപ്പെട്ടതായി സത്യപാൽ മാലിക് വെളിപ്പെടുത്തി. ദ വയറിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2019 ഫെബ്രുവരി 14ന് നടന്ന പുൽവാമ ആക്രമണം 40 പട്ടാളക്കാരുടെ വീരമൃത്യുവിനാണ് കാരണമായത്. അന്ന് സത്യപാൽ മാലിക്കായിരുന്നു ജമ്മു കശ്മീർ ഗവർണർ. പുൽവാമ ആക്രമണത്തിന് കാരണം മോദി സർക്കാർ സുരക്ഷയൊരുക്കുന്നതിൽ വരുത്തിയ വീഴ്ചയും ഇന്റലിജൻസ് വിഭാഗത്തിന്റെ കെടുകാര്യസ്ഥതയുമാണെന്ന് സത്യ പാൽ മാലിക് ദ വയറിനോട് പറഞ്ഞു.

ഒരിക്കലും ഇത്രയധികം വരുന്ന സൈനിക സംഘത്തെ റോഡ് മാർഗം സഞ്ചരിക്കാൻ അനുവദിക്കാറില്ല- സത്യപാൽ മാലിക് അഭിമുഖത്തിൽ പറഞ്ഞു. ‘അതുകൊണ്ട് തന്നെ സൈനികരുടെ യാത്രയ്ക്കായി സിആർപിഎഫ് വിമാനം അഭ്യർത്ഥിച്ചിരുന്നതാണ്. പക്ഷേ കേന്ദ്ര സർക്കാർ ഈ അപേക്ഷ തള്ളിയതുകൊണ്ടാണ് 40 സൈനികരുൾപ്പെട്ട കോൺവോയ് റോഡ് മാർഗം പുൽവാമയിലൂടെ സഞ്ചരിച്ചത്’ – അദ്ദേഹം പറഞ്ഞു. അക്രമണമുണ്ടായ സമയത്ത് പ്രധാനമന്ത്രിയോട് സത്യപാൽ മാലിക് ഇക്കാര്യം പറഞ്ഞപ്പോൾ ഇതെ കുറിച്ച് മിണ്ടരുതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പറഞ്ഞതെന്ന് സത്യപാൽ മാലിക് അഭിമുഖത്തിൽ ആരോപിച്ചു.

ഇന്റലിജൻസ് വിഭാഗത്തിന്റെ പക്കൽ വലിയ സുരക്ഷാ വീഴ്ചയുണ്ടായെന്നും സത്യപാൽ മാലിക് ആരോപിക്കുന്നു. സൈനികരെ ആക്രമിച്ച 300 കിലോഗ്രാം ആർഡിഎക്‌സ് അടങ്ങിയ വാഹനം അപകടം നടക്കുന്നതിനും 10-12 ദിവസം മുൻപ് മേഖലയിൽ കറങ്ങിതിരിഞ്ഞുവെന്നും ഇത് ഇന്റലിജൻസ് കണ്ടെത്താതെ പോയെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *