Monday, January 6, 2025
Kerala

താമരശ്ശേരിയിൽ നാലംഗ സംഘം തട്ടിക്കൊണ്ടു പോയ പ്രവാസിയുടെ മൊബൈൽ ഫോൺ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

താമരശ്ശേരിയിൽ നാലംഗ സംഘം തട്ടിക്കൊണ്ടു പോയ പ്രവാസിയുടെ മൊബൈൽ ഫോൺ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കരിപ്പൂർ നിന്നാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. അക്രമി സംഘം സഞ്ചരിച്ച വാഹനത്തിന്റെ നമ്പർ വ്യാജമെന്നും കണ്ടെത്തിയിട്ടുണ്ട്. മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ വയനാടും കരിപ്പൂരും സംഘം എത്തിയതായി കണ്ടെത്തിയിരുന്നു. കരിപ്പൂർ നിന്ന് എവിടേക്ക് പോയെന്ന് വ്യക്തമല്ല.

പ്രതികളുടെ രേഖാ ചിത്രം ഇന്ന് പുറത്തു വിട്ടേക്കും. ഷാഫിയുടെ ഭാര്യയുടെ സഹായത്തോടെയാണ് രേഖാചിത്രം തയ്യാറാക്കുന്നത്. അക്രമികളിൽ രണ്ടു പേർ മുഖാവരണം ധരിച്ചിരുന്നില്ല. ഇതിൽ ഒരാൾ സംഭവത്തിന് രണ്ടു ദിവസം മുമ്പ് ഷാഫിയെ അന്വേഷിച്ചു വീട്ടിൽ എത്തിയിരുന്നതായി ഭാര്യ പറഞ്ഞിരുന്നു.

കേസിൽ രണ്ട് പേരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. പരപ്പൻ പോയിൽ സ്വദേശി നിസാർ, പൂനൂർ നേരോത്ത് സ്വദേശി അജ്നാസ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഷാഫിയുടെ വീട്ടിൽ നേരത്തെ എത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് അറസ്റ്റ്.

വെള്ളിയാഴ്ചയാണ് താമരശേരി പരപ്പൻപൊയിലിലെ വീട്ടിൽ നിന്ന് ഷാഫിയെയും ഭാര്യ സനിയയെയും നാലംഗ സംഘം തട്ടിക്കൊണ്ടു പോയത്. എന്നാൽ കുറച്ചു ദൂരം പിന്നിട്ട ശേഷം സനിയയെ വഴിയിൽ ഇറക്കി വിട്ട് സംഘം ഷാഫിയെയും കൊണ്ട് രക്ഷപെട്ടു.

ഷാഫിയെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. തട്ടിക്കൊണ്ടു പോകലിന് ദിവസങ്ങൾക്ക് മുമ്പ് ഇയാളുടെ വീട്ടിലെത്തി തർക്കമുണ്ടാക്കിയതിനാണ് നിസാറിനെയും അജ്‌നാസിനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. തട്ടിക്കൊണ്ടുപോകലുമായി ഇരുവർക്കും ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *