Thursday, January 9, 2025
Kerala

‘പുതുപ്പള്ളിയില്‍ യുഡിഎഫ് മാസപ്പടി ആരോപണം ഉയര്‍ത്തും, അഴിമതി പ്രചരണ വിഷയമാക്കും’; വി.ഡി സതീശൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മാസപ്പടി സജീവ ചര്‍ച്ചയാക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ, എ ഐ ക്യാമറ, കൊവിഡ് കാല പർച്ചേസ്, മകളുടെ മാസപ്പടി എല്ലാം ചർച്ചയാക്കും. മുഖ്യമന്ത്രി അഴിമതി ആരോപണങ്ങളോട് പ്രതികരിക്കാതെ ഓടിയൊളിക്കുന്നു, ഇത് ശരിയാണോ? എം വി ഗോവിന്ദൻ അല്ല മാസപ്പടിയിൽ മറുപടി പറയേണ്ടത്. ഗോവിന്ദൻ പാർട്ണർ അല്ലല്ലോ. ആകാശവാണിയായി പ്രവർത്തിക്കുകയാണ് മുഖ്യമന്ത്രി. സർക്കാരിന്‍റെ പരാജയവും അഴിമതിയും ആണ് പുതുപ്പള്ളിയിൽ ഉന്നയിക്കാന്‍ പോകുന്നത്. സർക്കാരിനെതിരായ കുറ്റപത്രം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിനെതിരായ കുറ്റപത്രം യുഡിഎഫ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. മാത്യു കുഴല്‍നാടനെതിരായ കേസ് നീക്കം നിയമപരമായി നേരിടും.പ്രതിയാകേണ്ടവർക്കെതിരെ കേസില്ല. ആരോപണം ഉന്നയിക്കുന്നവർക്ക് എതിരെ കേസ് എടുക്കുന്നു. പിണറായി മോദിക്ക് പഠിക്കുകയാണ്. മാത്യു കുഴല്‍നാടന്‍ ഒറ്റക്കല്ല.ആര് വേണമെങ്കിലും അന്വേഷിക്കട്ടെ. ഉമ്മൻ ചാണ്ടിയെ ക്രൂരമായി വേട്ടയാടിയവർ, മരിച്ചപ്പോഴും അദ്ദേഹത്തെ അപമാനിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്‍എസ്എസിനെതിരായ നാമജപ കേസ് ഒഴിവാക്കൽ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കം മാത്രമാണ്. ശബരിമല, പൗരത്വ കേസുകൾ പിൻവലിക്കുമോയെന്നും സതീശന്‍ ചോദിച്ചു. കുഴൽപ്പണ കേസിൽ രക്ഷപ്പെടാൻ പിണറായിയുടെ കാല് പിടിച്ചയാളാണ് സുരേന്ദ്രൻ. മാസപ്പടിയിൽ പ്രതിപക്ഷത്തെ വിമർശിക്കാൻ സുരേന്ദ്രന് അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതുപ്പള്ളിയിലെ വികസന വിഷയം മാറ്റാനുള്ള സർക്കാർ തന്ത്രമാണ്. വികസനം ഒന്നും നടപ്പാക്കാത്തത് കൊണ്ടാണോ 53 വർഷം ഉമ്മൻ‌ചാണ്ടി വിജയിച്ചത്. ജനങ്ങൾക്ക് കാര്യങ്ങൾ എല്ലാം അറിയാം. മന്ത്രിമാരെ പുറത്ത് ഇറക്കാൻ പറ്റാത്ത സ്ഥിതിയാണ്. ജനങ്ങൾ തടഞ്ഞു നിർത്തി കാര്യങ്ങൾ ചോദിക്കും. അത് ഭയന്നിട്ടാണ് മന്ത്രിമാർ പുതുപ്പള്ളിയിൽ വരാത്തത്. ഉമ്മൻചാണ്ടി വിജയിച്ചതിനെക്കാൾ വലിയ ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മൻ വിജയിക്കും. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു, പ്രതിപക്ഷവുമായി വാദ പ്രതിവാദത്തിന് തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *