കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തും; മുഖ്യമന്ത്രി ആരെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ഉമ്മൻ ചാണ്ടി
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് യുഡിഎഫ് കേരളത്തിൽ അധികാരത്തിൽ വരുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എന്നാൽ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
മുഖ്യമന്ത്രി പദത്തിന് അർഹതയുള്ള ഒട്ടേറെ നേതാക്കൾ കോൺഗ്രസിലുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ഇക്കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ആണ് തീരുമാനമെടുക്കുകയെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
‘മുഖ്യമന്ത്രി ആരാവും എന്നതിനെപ്പറ്റി യുഡിഎഫിൽ തർക്കമൊന്നും ഉണ്ടാവില്ല. എന്നാൽ അത് ആരാണ് എന്ന് ഇപ്പോൾ പറയാനാവില്ല. കോൺഗ്രസ് ഹൈക്കമാൻഡ് ആണ് തീരുമാനമെടുക്കുക. അർഹതപ്പെട്ട ഒരുപാടു നേതാക്കൾ കോൺഗ്രസിലുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തലയുടേത് മികച്ച പ്രവർത്തനമാണ്. അദ്ദേഹം ഉന്നയിച്ച ഒരു വിഷയത്തിനു പോലും ജനപിന്തുണ ലഭിക്കാതിരുന്നിട്ടില്ല. അദ്ദേഹവും മുഖ്യമന്ത്രിപദത്തിന് അർഹനാണ്. എന്നാൽ തീരുമാനം ഹൈക്കമാൻഡിന്റേതാണ്.
നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം യുഡിഎഫ് അധികാരത്തിൽ എത്തും എന്നതിൽ സംശയമൊന്നുമില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റിലും ജയിക്കാൻ മാത്രമല്ല, വൻ ഭൂരിപക്ഷം നേടാനും യുഡിഎഫ് സ്ഥാനാർഥികൾക്കു കഴിഞ്ഞു. അത് മുന്നണിയുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി പറയുന്നു