സിപിഐഎം നേതാക്കള്‍ക്ക് വിയർപ്പിന്റെ വിലയറിയില്ല’; ആരോപണങ്ങൾക്ക് മറുപടിയുമായി മാത്യു കുഴൽനാടൻ
സിപിഐഎം ആരോപണങ്ങൾക്ക് മറുപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ. വളരെ ഗുരുതരമായ ആരോപണമാണ് തനിക്കെതിരെ ഉയർന്നിരിക്കുന്നത്. കള്ളപ്പണം വെളിപ്പിക്കൽ രാജ്യദ്രോഹത്തോളം ഗൗരവമുള്ള കുറ്റം. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും നെറ്റിയിലെ വിയർപ്പിന്റെ വില അറിഞ്ഞ് ജീവിക്കണം എന്നതാണ് തൻ്റെ രീതിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
മാത്യു കുഴൽനാടനെതിരെ ഒരേസമയം രണ്ട് ആരോപണങ്ങളാണ് സിപിഐഎം ഉന്നയിക്കുന്നത്. മൂവാറ്റുപുഴ എംഎല്‍എ നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്നാണ് സിപിഐഎം ആരോപണം. ഈ ആരോപണങ്ങൾക്കാണ് മാത്യു കുഴൽനാടൻ മറുപടി നൽകിയിരിക്കുന്നത്. അധ്വാനത്തിന്റെയും വിയർപ്പിന്റെയും വില കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾക്ക് അറിയില്ല. രക്തം ചിന്തിയാലും വിയർപ്പ് ചിന്തില്ല എന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ ആശയമെന്നും അദ്ദേഹം വിമർശിച്ചു.
രാഷ്ട്രീയത്തിൽ സുതാര്യത അനിവാര്യമാണ്. ചോദ്യങ്ങൾ ഉന്നയിക്കാൻ എതിർ രാഷ്ട്രീയ ചേരിയിലുള്ളവർക്ക് അവകാശവുമുണ്ട്. തന്നെ മാത്രമല്ല, പങ്കാളികളെയും സംശയത്തിൻ്റെ നിഴലിൽ നിർത്തുന്നതാണ് ആരോപണങ്ങൾ. വരുമാനത്തിന് തൊഴിൽ, രാഷ്ട്രീയം സേവനമെന്നത് പണ്ടേ മുന്നോട്ടുവെച്ച മുദ്രാവാക്യമാണ്. ഒരുപാട് അധ്വാനിച്ചും വേദനിച്ചുമാണ് ഇതുവരെ എത്തിയതെന്നും മാത്യു കുഴൽനാടൻ.
ആദ്യ ആരോപണം തൻ്റെ സംഘടനയെക്കുറിച്ചാണെന്ന് പറഞ്ഞ അദ്ദേഹം ഓരോ വർഷത്തെയും നികുതി ഒടുക്കിയ തുക വിവരിച്ചു. 2 കോടി 18 ലക്ഷം രൂപയിൽ അധികം സ്ഥാപനത്തിൻ്റെതായി മാത്രം നികുതി അടച്ചിട്ടുണ്ട്. അത്രയും തുക നികുതി അടച്ചെങ്കിൽ എത്ര നാളത്തെ കഷ്ടപ്പാടവും. ആരോപണം ഉന്നയിക്കാൻ ഒരു പ്രയാസവുമില്ല. ഒരു മൈക്കിന്റെ മുന്നിൽ ഇരുന്നാൽ മാത്രം മതി. തന്റെ സ്ഥാപനത്തിലേക്ക് വിദേശപണം വന്നിട്ടുണ്ട്. ബാങ്ക് ഇടപാടുകൾ വഴിയാണ് എല്ലാ പണവും വന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കമ്പനിയുടെ എല്ലാ വിവരങ്ങളും പുറത്തുവിടാൻ തയ്യാറാണെന്ന് പറഞ്ഞ അദ്ദേഹം എക്സാ ലോജിക്കിന്റെ 2016 മുതലുള്ള നികുതി വിവരങ്ങൾ പുറത്തുവിടാൻ വീണ വിജയൻ തയ്യാറുണ്ടോയെന്നും വെല്ലുവിളിച്ചു. തനിക്കെതിരെ ഏത് അന്വേഷണവും നടത്താം. സിപിഐഎം ഒരു നേതാവിനെ നിയോഗിച്ച് പരിശോധിച്ചോളൂ. ഇതിനായി താൻ തോമസ് ഐസക്കിനെ നിർദ്ദേശിക്കുന്നു. വീണ വിജയൻ തയ്യാറല്ലെങ്കിലും തന്റെ സ്ഥാപനത്തിലേക്ക് പരിശോധനയ്ക്ക് വരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്നാറിൽ വാങ്ങിയ വസ്തുവിന് നികുതി വെട്ടിച്ചുവെന്നതാണ് രണ്ടാമത്തെ ആരോപണം. ആധാരം ഉൾപ്പടെ പരിശോധിക്കാം. സ്ഥാനാർത്ഥിയാവുന്നതിന് 9 മാസം മുമ്പാണ് സ്ഥലം വാങ്ങിയത്. ഫെയർ വാല്യു പരിശോധിക്കാം. 1,24,000 രൂപയാണ് സർക്കാർ നിശ്ചയിച്ച ഫെയർ വാല്യു. 57,46,680 ആണ് സർക്കാർ കണക്കുപ്രകാരം താൻ കാണിക്കേണ്ട ഫെയർ വാല്യു. എന്നാൽ ഒരു കോടിക്ക് മുകളിൽ കാണിച്ചിട്ടുണ്ട്. 6,01,600 രൂപ നികുതി അടച്ചിട്ടുണ്ടെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.