പുതുപ്പള്ളിയില്‍ മാസപ്പടി വിവാദം ചര്‍ച്ചയാകും; ഗുരുതര അഴിമതി ആരോപണമെന്ന് പ്രതിപക്ഷനേതാവ്
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മാസപ്പടി വിവാദം ചര്‍ച്ചയാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ട്വന്റിഫോറിനോട്. മുഖ്യമന്ത്രിയുടെ മകള്‍ പണം വാങ്ങിയത് അഴിമതി തന്നെയാണ്. ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് നിയമസഭയില്‍ ഈ വിഷയം കൊണ്ടുവരും. ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിച്ചുവെന്ന് പറയുന്നത് അസംബന്ധമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായി വന്നിട്ടുള്ളത് ഗുരുതരമായ അഴിമതി ആരോപണമാണ്. പക്ഷേ അത് നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിക്കാന്‍ കഴിയില്ല. അതിന് വേറെ റൂളുകളുണ്ട്. തെരഞ്ഞെടുപ്പില്‍ അതും ചര്‍ച്ചയാകും. കെ എഫോണിലും സ്വര്‍ണക്കടത്തിലും ലൈഫ് മിഷനിലുമൊക്കെ എത്ര കോടി അഴിമതി നടന്നു.
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമൊക്കെ ഫണ്ട് പിരിച്ചത് പാര്‍ട്ടിക്ക് വേണ്ടിയാണ്. എല്ലാ പാര്‍ട്ടിയും ഇത്തരത്തില്‍ പിരിക്കാറുണ്ടല്ലോ. അവരെ ചുമതലപ്പെടുത്തിയ ഡ്യൂട്ടിയാണത്. ഇപ്പോള്‍ എനിക്കും കെ സുധാകരനുമാണ് ആ ചുമതല. അങ്ങനെ പണം മേടിച്ചിട്ടുണ്ടാകും’. വി ഡി സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറുപടി ഭയന്നാണ് പ്രതിപക്ഷം മാസപ്പടി വിവാദം അടിയന്തരപ്രമേയമായി കൊണ്ടുവരാതിരുന്നതെന്നാണ് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം എ.കെ.ബാലന്റെ വാദം. വിഷയത്തില്‍ കോണ്‍ഗ്രസിനകത്ത് രൂക്ഷമായ അഭിപ്രായവ്യത്യാസമുണ്ട്. വിവാദത്തിലേക്ക് ഉമ്മന്‍ചാണ്ടിയെ വലിച്ചിഴ്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസ് നേതാക്കളാണെന്നും എ.കെ.ബാലന്‍ കുറ്റപ്പെടുത്തി.
അതേസമയം ആദായനികുതി വകുപ്പില്‍ നിന്ന് ഇഡി വിവരങ്ങള്‍ തേടിയിട്ടുണ്ട്. രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെയാണ് ഇ.ഡിയുടെ നീക്കം. രാഷ്ട്രീയക്കാര്‍ക്ക് നല്‍കിയ പണത്തിന്റെ വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ട് ഇഡിക്ക് കൈമാറുകയും ചെയ്തു. വിശദ പരിശോധനയ്ക്ക് ശേഷമായിരിക്കും ഇക്കാര്യത്തില്‍ തുടര്‍നടപടി.