Thursday, January 2, 2025
Kerala

കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതർ പൊലീസിൽ പരാതി നൽകി

കൊച്ചി: മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കോളേജ് അധികൃതർ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണം എന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. പരാതി വിശദമായി പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കാഴ്ച പരിമിതിയുള്ള അധ്യാപകൻ ക്ലാസെടുക്കുമ്പോൾ എടുത്ത റീൽസ് വീഡിയോ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

അന്ധനായ അധ്യപകനെ അപമാനിച്ച സംഭവത്തിൽ ആറ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ മഹാരാജാസ് കോളേജിലെ കെ എസ് യു യുണിറ്റ് വൈസ് പ്രസിഡൻറ് മുഹമ്മദ് ഫാസിലും ഉൾപ്പെട്ടിരുന്നു. പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാര്‍ത്ഥികള്‍ അപമാനിച്ചത്. ക്ലാസ് നടക്കുമ്പാൾ കളിച്ചും ചിരിച്ചും അനുവാദമില്ലാതെ ക്ലാസിൽ പ്രവേശിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. പുറത്ത് വന്ന വീഡിയോ സങ്കടകരവും പ്രതിഷേധാർഹവുമാണെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ പറഞ്ഞിരുന്നു. കാഴ്ച്ച പരിമിതിയുള്ള അധ്യാപകന്‍ ക്ലാസെടുത്ത് കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തെ പരിഹസിക്കുന്ന ദൃശ്യങ്ങള്‍ കണ്ട് മനസ്സുലഞ്ഞ് നില്‍ക്കുകയാണ്. അധ്യാപകനെ ക്ലാസിനിടയ്ക്ക് അപമാനിച്ചു എന്ന് മാത്രമല്ല, അത് റീല്‍ ആക്കി നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരിക്കുയാണ് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍.

Leave a Reply

Your email address will not be published. Required fields are marked *