കൊല്ലത്ത് അധ്യാപകനെതിരെ പോക്‌സോ കേസ്; പരാതി നല്‍കിയത് പൂര്‍വ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍
കൊല്ലത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ കസ്റ്റഡിയില്‍. കിഴക്കേക്കല്ലടയില്‍ സ്വകാര്യ സ്‌കൂളിലെ അധ്യാപകനാണ് പിടിയിലായത്. പൂര്‍വ വിദ്യാര്‍ത്ഥികളടക്കം നല്‍കിയ പരാതിയിലാണ് പൊലീസിന്റെ നടപടി. കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.
ഈയടുത്താണ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആദ്യം അധ്യാപകനെതിരെ പരാതി നല്‍കിയത്. പിന്നാലെ പൊലീസ് അധ്യാപകനെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത് വിട്ടയച്ചു. പിന്നാലെ സ്‌കൂളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ പരാതിയുമായി രംഗത്തെത്തി. തുടര്‍ന്ന് പൂര്‍വ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ അധ്യാപകനെതിരെ പീഡന പരാതി നല്‍കി.
സ്‌കൂള്‍ പ്രിന്‍സിപ്പലിന് ലഭിച്ച പരാതികള്‍, പ്രിന്‍സിപ്പല്‍ സിഡബ്ല്യുസിക്കും പൊലീസിനും കൈമാറുകയായിരുന്നു. സിഡബ്ല്യുസി അധികൃതരും സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തി. പ്രതിയുടെ അറസ്റ്റ് അല്‍പസമയത്തിനകം രേഖപ്പെടുത്തും.